harthal
ആലുവ തോട്ടുമുഖത്ത് മൂന്നാറിലേക്ക് പോയ ബസിന്റെ ചില്ല് സമരാനുകൂലികൾ കല്ലെറിഞ്ഞ് പൊട്ടിച്ച നിലയിൽ

ആലുവ നഗരത്തിൽ ഹർത്താൽ ഭാഗി​കമായിരുന്നു. കടകമ്പോളങ്ങൾ തുറന്നി​ല്ല. സ്വകാര്യ വാഹനങ്ങൾ തടസമില്ലാതെ നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗി​കമായി സർവീസ് നടത്തി. സ്വകാര്യ ബസുകൾ പൂർണമായി വിട്ടുനിന്നു.

ക്രസ്മസ് പരീക്ഷ എഴുതേണ്ട കുട്ടികളുമായി പോയ ബസുകളെല്ലാം ഹർത്താൽ അനുകൂലികൾ തടഞ്ഞ് തിരിച്ചുവിട്ടു.

തോട്ടുമുഖം ചൊവ്വരയിൽ തിരുവനന്തപുരം -മൂന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ കെ.എസ്.ആർ.ടി.സിക്ക് നേരെ ഇന്നലെ രാവിലെ 6.45ന് കല്ലേറുണ്ടായി. മുൻവശത്തെ ചില്ല് പൊട്ടി.

ആലുവ ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്കും പെരുമ്പാവൂരിലേക്ക് രാവിലെ കോൺവേ അടിസ്ഥാനത്തിലാണ് സർവീസ് നടത്തിയതെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി. യാത്രക്കാർ നാമമാത്രമായിരുന്നു. സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ജീവനക്കാർ എത്താതിരുന്നതിനാൽ അടഞ്ഞു കിടന്നു.

സംയുക്ത സമര സമിതി പ്രകടനം ആലുവ മാർക്കറ്റിൽ നിന്നും ടൗൺ ചുറ്റി തിരികെയെത്തി​സമാപിച്ചു. യോഗത്തിൽ വെൽഫയർ പാർട്ടി ജില്ലാ സമിതിയംഗം നൗഷാദ് ശ്രീമൂലനഗരം, മണ്ഡലം പ്രസിഡന്റ് ടി.കെ. സുധീർ, മണ്ഡലം സെക്രട്ടറി റഹീം കുന്നത്ത്, എസ്.ഡി.പിഐ മണ്ഡലം പ്രസിഡന്റ് ഷഫീഖ്, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, ജില്ലാ സെക്രട്ടറി സുധീർ ഏലൂക്കര എന്നിവർ പ്രസംഗിച്ചു.

19 പേർ അറസ്റ്റിൽ

വാഹനം തടഞ്ഞതിനും കോടതി ഉത്തരവ് ലംഘിച്ച് ഹർത്താൽ നടത്തിയതിനും ആലുവയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മാർക്കറ്റ്, യു.സി കോളേജ്, തോട്ടുമുഖം, അശോകപുരം കൊച്ചിൻബാങ്ക് എന്നിവിടങ്ങളിൽ വഴി തടഞ്ഞവരാണ് പിടിയിലായത്.

പുലർച്ചെ തോട്ടുമുഖം ചൊവ്വരയിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞവരെയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിയത്.