കോലഞ്ചേരി: പണി കഴിഞ്ഞ് പതിവു സമയം തെറ്റി ഓഫീസിൽ ചുറ്റി തിരിഞ്ഞാൽ മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് 'പണി 'കിട്ടും. സാധാരണ പ്രവൃത്തി സമയത്തിന് ഉപരിയോ, അവധി ദിവസങ്ങളിലോ ഓഫീസിലെത്തുന്നവർ പേര്, തസ്തിക, പ്രവർത്തിയെടുത്ത സമയം. കൈകാര്യം ചെയ്ത ഫയലുകളുടെ എണ്ണം എന്നിവ വിശദമാക്കി ഒഫ് ടൈം ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി മേലധികാരിയ്ക്ക് കൈമാറണം. സമയം പോകാൻ ഓഫീസിൽ ചുറ്റി തിരിയരുതെന്ന് ചുരുക്കം. വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ടു നല്കിയിരുന്നു. പ്രവർത്തി സമയത്തിലുപരിയായി ഏതാനും ജീവനക്കാർ, താത്കാലിക, കരാർ ജീവനക്കാരടക്കം ഓഫീസിൽ നിന്നു കറങ്ങുന്നത് നിരവധി ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ ഓഫീസിലെത്തുന്ന ജീവനക്കാരിൽ പലരും രാവിലെ ഓഫീസിലെത്തുമ്പോൾ കൈവശമുള്ള സ്വകാര്യ പണം കാഷ് ഡിക്ളറേഷൻ രജിസ്റ്ററിൽ നിർബന്ധമായും ചേർക്കണമെന്നും അത്തരത്തിലല്ലാത്ത പണം കൈയിൽ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.