മൂവാറ്റുപുഴ: മൂവാറ്റുപുഴ കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതൽ വീട്ടൂർ വരെയുള്ള റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും നാല് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴയിൽ നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡ് നവീകരിക്കണമെന്നത് ജനകീയ ആവശ്യമാണ്. നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ ബി.എം. ബി.സി.നിലവാരത്തിൽ ടാർ ചെയ്തപ്പോൾ മൂവാറ്റുപുഴ-കാക്കനാട് റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. ഇതിനായി സർവേ ഇൻവെസ്റ്റിഗേഷൻ നടപടികളും പൂർത്തിയാക്കിയിരുന്നു. ഡീറ്റേൽഡ് പ്രൊജക്ട് തയ്യാറാക്കുകയും, സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുന്നതിനും നീക്കങ്ങൾ ആരംഭിച്ചിരുന്നു. 1600 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സ്ഥലമെടുപ്പിനും റോഡ് നിർമ്മാണത്തിനുമായി തയ്യാറാക്കിയത്. എന്നാൽ റോഡ് നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധവും ശക്തമായതോടെ നാലുവരി പാതയ്ക്ക് കാത്ത് നിൽക്കാതെ കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ മനക്കകടവ് മുതൽ നെല്ലാട് വരെയുള്ള ഭാഗം ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായ വാഴപ്പിള്ളി മുതൽ വീട്ടൂർ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചത്. റോഡുകളുടെ നവീകരണത്തിന് മുന്തിയ പരിഗണനയാണ് നിയോജക മണ്ഡലത്തിന് ലഭിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. സംസ്ഥാനത്ത് ജർമൻ സാമ്പത്തിക സഹായത്തോടെ റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമിക്കുന്ന റോഡുകളുടെ ലിസ്റ്റിൽ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളാണ് ഇടംപിടിച്ചിരിക്കുന്നത്. മൂവാറ്റുപുഴ തേനി ഹൈവേയുടെ ഭാഗമായ ചാലിക്കടവ് ജംഗ്ഷൻ മുതൽ നിയോജക മണ്ഡലം അതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡും, കോതമംഗലം മൂവാറ്റുപുഴ എൻ.എച്ചിലെ കക്കടാശേരിയിൽ നിന്നും ആരംഭിച്ച് നിയോജക മണ്ഡലാതിർത്തിയായ ഞാറക്കാട് അവസാനിക്കുന്ന കാളിയാർ വണ്ണപ്പുറം റോഡുമാണ് റീബിൽഡ് കേരളം പദ്ധതിയിൽ ഇടം പിടിച്ചിരിക്കുന്നത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ കക്കടാശേരി മുതൽ മറ്റക്കുഴി വരെയുള്ള റോഡ് നവീകരണത്തിന് ദേശീയ പാത അതോറിറ്റിയിൽ നിന്നും 45 കോടി രൂപയും അനുവദിച്ചിട്ടുണ്ടന്നും ഈ റോഡുകളുടെയെല്ലാം നിർമ്മാണം പൂർത്തിയാകുന്നതോടെ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ ബി.എം. ബി.സി നിലവാരത്തിൽ നവീകരണം പൂർത്തിയാകുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

#10 കോടി രൂപ മൂവാറ്റുപുഴ പി.ഒ.ജംഗ്ഷൻ മുതൽ വാഴക്കുളം അച്ചൻ കവല വരെയുള്ള റോഡ് നവീകരണത്തിന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ചു

#ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി

#45 കോടി രൂപ കക്കടാശേരി മുതൽ മറ്റക്കുഴി വരെയുള്ള റോഡ് നവീകരണത്തിന് ദേശീയ പാത അതോറിറ്റിയിൽ നിന്നും 45 കോടി രൂപയും

നവീകരണം നാല് കോടി രൂപ

നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാന റോഡാണ് മൂവാറ്റുപുഴ-കാക്കനാട് റോഡ്. എം.സി.റോഡിലെ വാഴപ്പിള്ളിയിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ അഞ്ച് കിലോമീറ്റർ വരുന്ന വീട്ടൂർ വരെയുള്ള ഭാഗമാണ് മൂവാറ്റുപുഴയുടെ പരിധിയിൽ വരുന്ന ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് നാല് കോടി രൂപ റോഡ് അനുവദിച്ചിരിക്കുന്നത്.