star
എടത്തല അൽഅമീൻ കോളേജ് കമ്യൂണിറ്റി എക്സ്റ്റൻഷ്യൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിലെ കലാകാരന്മാരോടൊപ്പം നക്ഷത്രനിർമാണത്തിൽ.

ആലുവ: ക്രിസ്മസ് രാവുകൾക്ക് പരിസ്ഥിതി സൗഹൃദ സംസ്‌കാരത്തിന്റെ തിളക്കമേകാൻ ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ നിന്ന് കലാകാരന്മാർ എടത്തല അൽ -അമീൻ കോളേജിലെത്തി. ഈറ്റയും ചണവും കൊണ്ടുനിർമിക്കുന്ന നക്ഷത്രങ്ങൾക്കു പകരം അവർ ഊരുകളിലേക്ക് തിരികെ കൊണ്ടുപോകുന്നത് അറിവിന്റെ വെളിച്ചം.

അൽ അമീൻ കോളേജിലെ കമ്യൂണിറ്റി എക്സ്റ്റൻഷൻ സെൽ നടപ്പിലാക്കുന്ന 'ഊരിനൊരു ലൈബ്രറി പദ്ധതി'യുടെ ഭാഗമായാണ് വിദ്യാർഥികളും ഊരിലെ കലാകാരൻമാരും അടങ്ങുന്ന സംഘം ക്രിസ്തുമസ് നക്ഷത്രങ്ങൾ നിർമിക്കുന്നത്.

കുട്ടമ്പുഴ പഞ്ചായത്തിലെ എല്ലാ ഊരുകളിലും ലൈബ്രറി സ്ഥാപിക്കുക എന്നതാണ് 'ഊരിനൊരു ലൈബ്രറി പദ്ധതി'. ഇതിനുമുമ്പ് കുഞ്ചിപ്പാറ, പിണമൂർകുടി ഊരുകളിൽ വിദ്യാർത്ഥികൾ വിവിധ സേവന പ്രവർത്തനങ്ങളിലൂടെ ഫണ്ട് സ്വരൂപിച്ച് ആയിരത്തോളം പുസ്തകങ്ങളും അവ സൂക്ഷിക്കാനാവശ്യമായ റാക്കുകളും നൽകിയിരുന്നു.

പന്തപ്പാറ ഊരിലെ സി.പി. വിനോദ്, സുനിൽ തങ്കപ്പൻ എന്നിവർക്കൊപ്പം മൂന്ന് രാപ്പകലുകൾ കോളേജിൽ താമസിച്ച് വിദ്യാർത്ഥികൾ പരിസ്ഥിതിസൗഹൃദ നക്ഷത്ര നിർമാണം പഠിച്ചു.

വരും വർഷങ്ങളിൽ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളെക്കൂടി ഉൾപ്പെടുത്തി വിപുലമായ രീതിയിൽ നിർമാണം നടത്തുകയും അതുവഴി കിട്ടുന്ന ലാഭമുപയോഗിച്ച് ബാക്കിയുള്ള ഊരുകളിൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുകയുമാണ് കമ്യൂണിറ്റി എക്സ്റ്റൻഷ്യൻ സെല്ലിന്റെ ലക്ഷ്യം.

പ്രിൻസിപ്പൽ പ്രൊഫ. എം.ബി. ശശിധരൻ, അദ്ധ്യാപകരമായ അബ്ദുൽസലാം, പി.വി. വിജു എന്നിവരാണ് ഇവർക്ക് നേതൃത്വം നൽകുന്നത്.