കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ ജില്ലയിൽ ഒറ്റപ്പെട്ട അക്രമം. ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തു. ആലുവ –മൂന്നാർ റോഡിൽ കുട്ടമശ്ശേരിക്ക് സമീപം തിരുവനന്തപുരം – മൂന്നാർ മിന്നൽ എക്‌സ്പ്രസ് ബസിന്റെ ചില്ലാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് എറിഞ്ഞ് തകർത്തത്. കണ്ടാലറിയാവുന്ന ഹർത്താലനുകൂലികളായ അഞ്ചുപേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആർക്കും പരിക്കില്ല. പെരുമ്പാവൂരിലും കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. ആലുവ റൂറൽ പൊലീസ് ജില്ലയിൽ മാത്രം 55 പേരെ കരുതൽ തടങ്കലിലാക്കി.
കളക്ട്രേറ്റ് ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ 70 ശതമാനം ജീവനക്കാർ ഹാജരായി. 80 ശതമാനം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തി. കൊച്ചി നഗരത്തിൽ ഏതാനും സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. ഗവ., എയ്ഡഡ് സ്‌കൂളുകളിൽ അർദ്ധ വാർഷിക പരീക്ഷകൾ തടസ്സമില്ലാതെ നടന്നു. മൂവാറ്റുപുഴയിൽ നിർബന്ധിച്ച് കടകൾ അടപ്പിച്ചതിന് ഏഴ് പേർക്കെതിരെയും ആലുവയിൽ ഗതാഗതം സ്തംഭിപ്പിച്ച് പ്രകടനം നടത്തിയതിന് 15 പേർക്കെതിരെയയും കേസുണ്ട്. കൊച്ചി നഗരത്തിലൊരിടത്തും അനിഷ്‌‌ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.