haritha-vidhyalayam
ആദ്യ ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽ.പി സ്കൂളിന് സമ്മാനിക്കുന്നു.

പറവൂർ : പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽ.പി സ്കൂൾ. ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നേട്ടമായത് . കൃഷി വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിയിൽ വിദ്യാർത്ഥികൾ വിദ്യാലയമുറ്റത്ത് ഒരുക്കിയ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. കൃഷിയിൽ നൂറു മേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണു കുട്ടികളും അദ്ധ്യാപകരും. കൃഷിയിലൂടെ നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾ മനസ്സിലാക്കി. പരിപാടികൾ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ഹരിതവിദ്യാലത്തിനുള്ള ഹരിതകേരള മിഷന്റെ പ്രശസ്തി പത്രം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു.. ഹരിതകേരള മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ സുജിത്ത് കരുൺ, ഫാ. ജോർജ് ചക്കാലക്കൽ, ഇ.എസ്. സിംല, കെ.വി. പ്രകാശൻ, സീന സജീവൻ, ശ്രീദേവി സനോജ്, സാംബശിവൻ, വി.എസ്. പ്രതാപൻ, എം.എസ്. ജാസ്മിൻ, കെ.പി. നഹുഷൻ, പ്രധാനാധ്യാപിക പി.ജെ. വോൾഗ എന്നിവർ സംസാരിച്ചു.