high-court

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപ് ഉൾപ്പെടെ ആറു പ്രതികൾക്ക് നാളെ ഈ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകി. ഒന്നാം പ്രതി പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കും ദിലീപിനും ദൃശ്യങ്ങൾ പരിശോധിക്കാം. ഇതിനായി നാളെ രാവിലെ 11.30 ന് പ്രതികൾ സി.ബി.ഐ കോടതിയിൽ ഹാജരാകണം.

തനിക്ക് പ്രത്യേകം സമയം അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം അനുവദിച്ചില്ല. പരിശോധനയ്ക്കായി ഹാജരാക്കുന്ന സാങ്കേതിക വിദഗ്ദ്ധന്റെ വിവരങ്ങൾ ദിലീപ് കഴിഞ്ഞ ദിവസം കോടതിക്ക് കൈമാറിയിരുന്നു.

ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

2017 ഫെബ്രുവരി 17 ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കു വരുമ്പോഴാണ് പ്രതികൾ നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. ദിലീപ് നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് പ്രതികൾ കുറ്റകൃത്യം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.