പറവൂർ : ചിറ്റാറ്റുകര പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുസ്ലിം ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി ആയിരത്തോളം പേരുടെ ഒപ്പുകൾ ശേഖരിച്ച് നൽകിയ ഭീമഹർജി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. പുതിയ കെട്ടിട നിർമ്മാണത്തിനായി നിർമ്മിതിക്ക് ടെൻഡർ നൽകിയിട്ടുണ്ടെന്നും നിർമ്മാണം വൈകുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ ജീവനക്കാരേയും വൈകാതെ നിയമിക്കും. മന്ത്രി പറഞ്ഞു.. എട്ട് മാസം പിന്നിട്ടിട്ടും നടപടികൾ ഒന്നും ആകാത്തതിനെ തുടർന്നാണ് ഒപ്പുശേഖരണം ആരംഭിച്ചത്. ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള, ജനറൽ സെക്രട്ടറി പി.എം. ബഷീർ, നീണ്ടൂർ ശാഖാ പ്രസിഡന്റ് ശിഹാബ് കാസിം, കുവൈറ്റ് കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് അൻസാർ നീണ്ടൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.