തൃക്കാക്കര: വൈദ്യുതി വകുപ്പിന്റെ കേബിൾ സ്ഥാപിക്കുന്നതിനായി കുഴിച്ചപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടി പ്രദേശമാകെ വെള്ളം കുടിമുട്ടി. തൃക്കാക്കര അമ്പലം - മോഡൽ എൻജിനിയറിംഗ് കോളേജ് റോഡിലാണ് പൈപ്പ് പൊടി വെള്ളം ഒഴുകുന്നത്. ഇതു മുലം കാക്കനാട് വരെയുള്ള ഏതാനും പ്രദേശങ്ങളിൽ കുടി വെള്ളം ഇല്ലാതായി. ഭൂമിക്കടിയിലൂടെ തുരന്നാണ് കേബിൾ സ്ഥാപിക്കുന്നത്. കേബിൾ വർക്ക് ചെയ്യുന്നവരുടേയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂലമാണ് കുടിവെള്ള പൈപ്പ് പൊട്ടാൻ ഇടയായത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. രാത്രി വൈകിയിട്ടും പുനസ്ഥാപിച്ചിട്ടില്ല. ഈ റോഡിൽ ഏകദേശം അമ്പത് മീറ്റർ അകലത്തിൽ കുഴികൾ താഴ്ത്തി അതിലുടെ കേബിളുകൾ അടുത്ത കുഴി വരെ ഭൂമിക്കടിയിലൂടെ യന്ത്രസഹായത്താൽ തുരന്നാണ് കടത്തിവിടുന്നത്. അതിനിടയിലാണ് കുടിവെള്ള പൈപ്പിന് ക്ഷതമേറ്റത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണിത്. വലിയ വാഹനങ്ങൾ ഉൾപ്പെടെ ഗതാഗതതിരക്കുള്ള റോഡാണിത്. കുഴിച്ചിട്ടുള്ള ഭാഗങ്ങളിൽ ആവശ്യമായ അടയാളങ്ങളോ, അപകടസൂചനകളോ, രാത്രികാലങ്ങളിൽ തിരിച്ചറിയുന്നതിനുള്ള ലൈറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് അപകടങ്ങൾക്ക് ഇടയാകും.ഏതാനും അന്യസംസ്ഥാന തൊഴിലാളികൾ അല്ലാതെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ,കരാറുകാരനോ ഈ ജോലിയിടങ്ങളിൽ എത്താറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.റോഡ് നീളെ മണ്ണ് കലർന്ന ചെളിവെള്ളം ഒഴുകുന്നത് വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നതായും പറയുന്നു.