
കൊച്ചി : പുതുവൈപ്പ് എൽ.എൻ.ജി ടെർമിനൽ പദ്ധതിക്കെതിരായ പ്രതിഷേധം തണുക്കുന്നതിനിടെ പുനരാരംഭിച്ച നിർമ്മാണം ഒരാഴ്ച പിന്നിട്ടു. ഇറക്കുമതി ടെർമിനലിൽ കൂറ്റൻ സംഭരണികളുടെ നിർമ്മാണം 24 മണിക്കൂറും തുടരുകയാണ്. നിർമ്മാണ സാമഗ്രികളും മറ്റും പൊലീസ് സംരക്ഷണത്തിൽ തടസം കൂടാതെ എത്തിക്കുന്നുണ്ട്.
പണി ഇക്കുറി എന്തുവന്നാലും മുടങ്ങരുതെന്ന ദൃഢനിശ്ചയത്തിലാണ് സംസ്ഥാന സർക്കാരും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമെന്ന് അധികൃതർ പറഞ്ഞു. ഒരുവിഭാഗം ഉയർത്തിയ പ്രതിഷേധവും കേസുകളും മൂലം രണ്ടര വർഷത്തോളം മുടങ്ങിക്കിടന്ന പദ്ധതിയാണ് പുനരാരംഭിച്ചത്. യാതൊരു തടസവും കൂടാതെ നിർമ്മാണം മുന്നേറുകയാണെന്ന് ഐ.ഒ.സി ഉന്നതവൃത്തങ്ങൾ 'കേരളകൗമുദി'യോട് പറഞ്ഞു.
എൻജിനിയർമാർക്ക് പുറമെ വിദഗ്ദ്ധ പരിശീലനം നേടിയ അമ്പതു തൊഴിലാളികൾ ജോലിക്കുണ്ട്. ഇറക്കുമതി ചെയ്ത പ്രത്യേകതരം ഉരുക്ക് ഉപയോഗിച്ച് സംഭരണി നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) അധികൃതർ അറിയിച്ചു. പൂർത്തിയാകുന്നതുവരെ തുടർച്ചയായ നിർമ്മാണമാണ് ലക്ഷ്യം.
# യന്ത്രങ്ങൾ സജ്ജം
ഹൈഡ്രോളിക് ക്രെയിനുകൾ, ജെ.സി.ബി., ട്രെയ്ലർ ട്രക്കുകൾ, ജനറേറ്ററുകൾ എന്നിവ ദിവസങ്ങൾക്ക് മുമ്പേ സ്ഥലത്ത് എത്തിച്ചിരുന്നു. ഒരു മാസത്തോളം ആവശ്യമായ ഭക്ഷ്യവസ്തുക്കളും വെള്ളവും ശേഖരിച്ചിട്ടുണ്ട്. സമരക്കാരുടെ ഉപരോധമുണ്ടായാലും പണിമുടങ്ങാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഒരുക്കിയാണ് ഇക്കുറി നീക്കം. ജോലിക്കാർക്ക് പുറത്തിറങ്ങാതെ തന്നെ ഒരു മാസത്തിലേറെ തങ്ങാനാകും. മുപ്പതു ശതമാനത്തോളം പൂർത്തിയായപ്പോഴാണ് പ്രതിഷേധങ്ങളെ തുടർന്ന് 2017ഫെബ്രുവരിയിൽ ടെർമിനൽ പണി നിർത്തിവച്ചത്.
# നിരോധനാജ്ഞ തുടരുന്നു
കനത്ത പൊലീസ് കാവലിലാണ് പുതുവൈപ്പിലെ പദ്ധതി പ്രദേശം. നിരോധനാജ്ഞയും നിലവിലുണ്ട്. ആവശ്യമായ യന്ത്രസാമഗ്രികളും ടെർമിനലിനുള്ളിൽ ശേഖരിച്ചിട്ടുണ്ട്.
# മൂന്നു സംഭരണികൾ
45 മില്ലീമീറ്റർ കനമുള്ള ബോയ്‌ലർ ക്വാളിറ്റി സ്റ്റീൽ പ്‌ളേറ്റുകൾ ഉപയോഗിച്ചാണ് മൂന്നു സംഭരണികൾ നിർമ്മിക്കുക. ശേഷി ഓരോന്നിനും 15,000 ടൺ.
ഇവയ്ക്ക് മുകളിൽ രണ്ടു മീറ്റർ കനത്തിൽ മണൽ കവചം. ഇതിന് മുകളിൽ 1.25 മീറ്റർ കനത്തിൽ കോൺക്രീറ്റ് കവചവുമുണ്ടാകും.
# പൈപ്പ്‌ലൈൻ സേലം വരെ
പുതുവൈപ്പിൽ നിന്ന് സേലം വരെ 498 കിലോമീറ്റർ ദൈർഘ്യത്തിലാണ് എൽ.പി.ജി പൈപ്പ്ലൈൻ പദ്ധതി. കേരളത്തിലെ പൈപ്പിടൽ അന്തിമഘട്ടത്തിലാണ്. അമ്പലമുകളിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) അമ്പലമുകൾ, ഉദയംപേരൂർ സിലിണ്ടർ ഫില്ലിംഗ് പ്ലാന്റുകൾ, പാലക്കാട്ട് ബി.പി.സി.എൽ നിർമ്മിക്കുന്ന പ്ലാന്റ് എന്നിവിടങ്ങളിൽ പൈപ്പിലൂടെ എൽ.പി.ജി എത്തും. ഐ.ഒ.സിയുടെ കോയമ്പത്തൂർ, ഈറോഡ്, സേലം പ്ലാന്റുകൾക്കും എൽ.പി.ജി നൽകും.