കൊച്ചി : ഐ.ടി രംഗത്ത് സ്റ്റാർട്ടപ്പുകൾക്ക് സുസജ്ജമായ ഇടമൊരുക്കി കളമശേരിയിൽ ടെക്നോസിറ്റി റെഡി. മാസം മൂവായിരം രൂപ കൊടുത്താൽ മതി. സ്റ്റാർട്ടപ്പിന് തുടക്കമിടാം. സ്റ്റാർട്ടപ്പിൽ നിന്ന് വളർച്ചയിലേയ്ക്ക് നീങ്ങാനുള്ള പിന്തുണയും സൗര്യങ്ങളും ടെക്നോസിറ്റി നൽകും.
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ, ഗ്രാമീണ ഐ.ടി കമ്പനിയായ പിറവം ടെക്‌നോ ലോഡ്‌ജ് എന്നിവയുടെ സംയുക്തസംരംഭമാണ് എച്ച്.എം.ടി ഇൻഡസ്ട്രിയൽ പാർക്കിൽ തയ്യാറായ ടെക്നോസിറ്റി. ഐ.ടി, അനുബന്ധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് ഇടം ലഭിക്കുക.
മൂവായിരം ചതുരശ്രയടി വിസ്തീർണം സിറ്റിക്കുണ്ട്. ഭാവിയിൽ പതിനായിരമടി കൂടി വർദ്ധിപ്പിക്കും. രജിസ്റ്റർ ചെയ്ത 30 കമ്പനികളിൽ ഏഴെണ്ണം പ്രവർത്തനം ആരംഭിച്ചു.
# അടിസ്ഥാന സൗകര്യങ്ങൾ
ഇൻറർനെറ്റ് കണക്ടിവിറ്റി
ഇടമുറിയാതെയുള്ള വൈദ്യുതി
യു.പി.എസ്, ജനറേറ്റർ
പൊതുവായ റിസപ്ഷൻ
ഫ്രണ്ട് ഓഫീസ്
മീറ്റിംഗ് മുറി
ചർച്ചകൾക്ക് മുറി
ശീതീകരിച്ച കാബിനുകൾ
# പിന്തുണയ്ക്കുന്നവർ
കേരള സ്റ്റാർട്ട്അപ്പ് മിഷൻ
നാസ്‌കോം
കേരള ഐടി മിഷൻ
കെ.എസ്.ഐ.ഡി.സി
# ടെക്‌നോളജി ക്ലിനിക്ക്
ന്യൂതന ആശയങ്ങളുമായെത്തുന്ന നവസംരംഭകർക്ക് ആശയങ്ങളെ ഉത്പ്പന്നമോ സേവനമോ ആയി വളർത്താൻ അനുഭവസമ്പന്നരായ മെന്റർമാരെ ഉൾപ്പെടുത്തി ടെക്‌നോളജി ക്ലിനിക്ക് ഒരുക്കും. മുൻനിര സംരംഭകരുമായും വ്യവസായ പ്രമുഖരുമായും ആശയവിനിമയം നടത്തുന്നതിനും അവസരം.
# ഇൻവെസ്റ്റ്‌മെന്റ് കഫേ
നവസംരംഭകർക്ക് മൂലധനം സ്വരൂപിക്കാൻ നിക്ഷേപകരെയും സംരംഭകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇൻവെസ്റ്റ്‌മെന്റ് കഫേ. ക്രിയേറ്റീവ് ഏഞ്ചൽസ്, മലബാർ ഏഞ്ചൽസ്, മുംബയ് ഏഞ്ചൽസ് തുടങ്ങിയ ഫണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിക്ഷേപങ്ങൾ സ്വീകരിക്കാൻ പിച്ചിംഗ് സെഷനുകളും നടക്കും. തദ്ദേശീയരായ നിക്ഷേപകർക്ക് സ്റ്റാർട്ട്അപ്പിൽ മുതൽമുടക്കാൻ സൗകര്യമൊരുക്കും.
# ടെക്‌നോസിയം
സ്റ്റാർട്ടപ്പുകൾക്കും നവസംരംഭകർക്കും സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യം നൽകാൻ ടെക്‌നോസിയം എന്ന പേരിൽ സായാഹ്ന ചടങ്ങുകൾ സംഘടിപ്പിക്കും. വിദഗ്ദ്ധർ, വിജയികളായ സംരംഭകർ എന്നിവരെ പങ്കെടുപ്പിക്കും.
# ഉദ്ഘാടനം 23 ന്
ടെക്‌നോസിറ്റിയുടെ ഉദ്ഘാടനം 23 ന് വ്യവസായ വാണിജ്യ, സ്‌പോർട്‌സ്, യുവജനക്ഷേമ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗെ, ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ, കേരള സ്റ്റാർട്ട്അപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും.
# ആശയം മതി
ആശയവുമായി സംരംഭകർക്ക് വരാം. ഉത്പന്നമാക്കി മാറ്റാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭിക്കും. അടുത്ത ഘട്ടത്തിലേയ്ക്ക് വളരാൻ വേണ്ട സഹായവും പിന്തുണയും ടെക്നോസിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.
ബൈജു നെടുങ്ങേരി,
മാനേജിംഗ് ഡയറക്ടർ,
ടെക്നോലോഡ്‌ജ്.
# കുറഞ്ഞ ചെലവ്
സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ ഭീമമായ ചെലവാണ് നവസംരംഭകരുടെ ഏറ്റവും വലിയ വെല്ലുവിളി. അതൊഴിവാക്കി കുറഞ്ഞ ചെലവിൽ ആധുനിക സൗകര്യങ്ങൾ ടെക്നോറിറ്റി നൽകും. മൂന്നു വർഷം വരെ തുടരാനും അവസരമുണ്ട്.
എം. ഖാലിദ്
പ്രസിഡന്റ്
ചെറുകിട വ്യവസായ അസോസിയേഷൻ