കോലഞ്ചേരി: പ്രകടനകലയെക്കുറിച്ച് സമ്പൂർണമായി ഗ്രഹിക്കാൻ ഭരതമുനിയുടെ നാട്യശാസ്ത്രം പഠിക്കണം. എന്നാൽ 'നാട്യശാസ്ത്രം' ഗ്രന്ഥമാകട്ടെ കിട്ടാനില്ല. നൃത്തവിദ്യാർത്ഥികളുടെ സിലബസിലുള്ള ഈ പൗരാണിക ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ലഭ്യമല്ലാതായിട്ട് കാലമേറെയായി. വിദ്യാർത്ഥികൾ ഇപ്പോൾ ഫോട്ടോകോപ്പി കൊണ്ട് തൃപ്തിപ്പെടുകയാണ്.
കെ.പി. നാരായണ പിഷാരടി വർഷങ്ങളെടുത്ത് മലയാളത്തിലേക്കു തർജ്ജമ ചെയ്ത നാട്യശാസ്ത്രം സാഹിത്യ അക്കാഡമിയാണ് മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചത്. 2014 നുശേഷം ഇത് അച്ചടിമഷി പുരണ്ടിട്ടില്ല. ഒന്നാംഭാഗം ഭരതനാട്യ സിലബസിന്റെ ഭാഗമായതോടെ വിറ്റുതീർന്നു.
# നടനത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം
രണ്ട് സഹസ്രാബ്ദം മുമ്പ് രചിച്ചതായി കരുതുന്ന നടനത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. നാടകം, കവിത, നൃത്തം, ഗീതം, ശില്പം, വാസ്തു തുടങ്ങി ഭാരതീയ ക്ളാസിക്കൽ കലകളുടെ അടിസ്ഥാനപ്രമാണങ്ങളാണ് ഉള്ളടക്കം. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതിനാലാകാം 'ഭരതനാട്യ'ത്തിന് ആ പേര് ലഭിച്ചതത്രെ.
നാട്യശാസ്ത്രത്തിന്റെ പിൻബലത്തോടെയാണ് നിലവിലുള്ള രംഗകലകളൊക്കെ പൂർണത കൈവരിച്ചത്.
1971ൽ ആദ്യമായി പ്രസിദ്ധീകരിച്ചു. 87ലും 99ലും 2014ലും പുനഃപ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തിന് വില 450 രൂപയായിരുന്നു. ഇനിയെത്തുമ്പോൾ ഇരട്ടിയെങ്കിലും ആകാനാണ് സാദ്ധ്യത.
ഇംഗ്ളീഷ് പരിഭാഷ
നാട്യശാസ്ത്രം ഇംഗ്ലീഷ് ലഭ്യമാണ്. പഠിതാക്കൾക്ക് എളുപ്പമായത് മലയാള പരിഭാഷയായതുകൊണ്ട് ലൈബ്രറിയിൽ നിന്നും അദ്ധ്യാപകരുടെ പക്കലുള്ളതിൽ നിന്നും പകർപ്പെടുക്കുകയാണിപ്പോൾ.
ഷിമ്ന, ഭരതനാട്യ വിഭാഗം മേധാവി,
ആർ.എൽ.വി കോളേജ് തൃപ്പൂണിത്തുറ
ഉടൻ പുന:പ്രസിദ്ധീകരിക്കും
ഒരു മാസത്തിനുള്ളിൽ നാട്യശാസ്ത്രം ഒന്നാം ഭാഗം പുനഃപ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു.
ഡോ. കെ.പി. മോഹനൻ
സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി