ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ നൊച്ചിമ 19-ാം വാർഡിൽ രണ്ടര ഏക്കറിൽ സ്ഥിതി ചെയ്യുന്ന പോട്ടച്ചിറക്കുളത്തിന് വശങ്ങളിലായി പത്തുലക്ഷം രൂപ മുടക്കി നവീകരിച്ച നടപ്പാത നാശത്തിന്റെ വക്കിലായി. നടപ്പാതയിലെ കട്ടകൾ ഇളകിയും ഇടിഞ്ഞുതാഴ്ന്നും നടപ്പാതയും പരിസരവും കാടുകയറിയും നശിക്കുകയാണ്.
ഇഴജന്തുക്കളെ ഭയന്ന് പ്രഭാതസവാരിക്കാർ നടപ്പാത ഉപേക്ഷിച്ച അവസ്ഥയാണ്.
# ജൈവപാർക്കിന്റെ ദുർഗതി
കഴിഞ്ഞ സാമ്പത്തികവർഷം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ജൈവപാർക്ക് നിർമ്മിക്കുന്നതിനായുള്ള ആദ്യ വിഹിതമായ പത്ത് ലക്ഷം രൂപ മുടക്കിയാണ് ചിറയുടെ വശങ്ങളിൽ ടൈൽസ് വിരിച്ചത്. അശാസ്ത്രീയമായ നിർമ്മാണം മൂലം കട്ടകൾ ഇളകുകയും പല സ്ഥലങ്ങളും ഭൂമിയിലേക്ക് ഇടിഞ്ഞ് താഴുകയും ചെയ്തിരുന്നു. നിർമ്മാണ സമയത്തു തന്നെ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥൻമ്മാരോടും പരാതി പറഞ്ഞിട്ടും കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്ന് നാട്ടുകാർ പറയുന്നു.
# കാട് വെട്ടിമാറ്റണം
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിമാറ്റണമെന്നും നിർമ്മാണത്തിലെ അപാകത പരിഹരിച്ച് നടപ്പാതയിലെ കട്ടകൾ ശരിയായ നിലയിൽ പുന:ക്രമീകരിക്കണമെന്നും ബി.ജെ.പി നൊച്ചിമ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപുന്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അപ്പു മണ്ണാച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബാബു, കെ.എസ്. പ്രി ജൂ, ടി.ഡി. സുനിൽകുമാർ, ജി.പി. രാജൻ, പ്രസന്നകുമാർ പിഷാരത്ത്, കെ.ജി. അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.