
കൊച്ചി: തൊഴിൽ മേഖലയുടെ പുരോഗതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പ്രവർത്തനം അനിവാര്യമാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്‌വർ പറഞ്ഞു. കൊച്ചിയിൽ സൗത്ത് ഇന്ത്യൻ ലേബർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട കച്ചവടക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ദേശീയ പെൻഷൻ പദ്ധതി വഴി പെൻഷൻ ഉറപ്പാക്കുന്ന നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ കൂടുതലായി ലഭ്യമാകേണ്ടതുണ്ട്. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ അസംഘടിത മേഖലയിലെ 40 കോടിയോളം വരുന്ന തൊഴിലാളികൾക്ക് ദേശീയ പെൻഷൻ പദ്ധതി വഴി പെൻഷൻ ലഭ്യമാക്കാൻ കഴിയും.
ഇ.എസ്.ഐ പദ്ധതി വഴി രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ ഇ.എസ്.ഐ. ആശുപത്രികളിലും മികച്ച ഗുണനിലവാരമുള്ള കിടത്തി ചികിത്സാ സൗകര്യം ലഭ്യമാകണം. ഗുണനിലവാരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഇ.എസ്.ഐ. ആശുപത്രികൾ രാജ്യത്തിനു മാതൃകയാണ്.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ വേജ് കോഡും ചട്ടങ്ങളും തൊഴിലാളികൾക്കും അസംഘടിത മേഖലയിലുള്ളവർക്കും ഗുണകരമല്ലെന്ന കേരള സർക്കാരിന്റെ ആശങ്ക കോൺഫറൻസിന്റെ ആമുഖ പ്രസംഗത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇത് ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ നട്ടെല്ല് തകർക്കുന്ന നയമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്ക കേന്ദ്ര ഗവൺമെന്റിനെ അറിയിച്ചിട്ടുണ്ട്.
തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി സി.എച്ച്. മല്ലറെഡ്ഡി, പുതുച്ചേരി തൊഴിൽ വകുപ്പ് മന്ത്രി എം. കന്തസാമി, കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി എച്ച്.എൽ. സമാരിയ തുടങ്ങിയവർ പങ്കെടുത്തു.