കൊച്ചി : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള കരിങ്കൽ കടൽമാർഗം കൊണ്ടുപോകാൻ ചിറയിൻകീഴ് മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ തീര നിയന്ത്രണ മേഖലാനിയമത്തിന്റെ ലംഘനമാണെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിയായ എസ്. ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കിളിമാനൂരിനടുത്ത് കടവിളയിൽ നിന്ന് കരിങ്കൽ ലോഡുകൾ മുതലപ്പൊഴി ഹാർബർ വഴിയാണ് വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് കൊണ്ടുപോകുന്നത്. ഇതിനായി നടത്തിയ നിർമ്മാണം കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയുടെ അനുമതിയില്ലാതെയാണെന്നും ഇതു തീരനിയന്ത്രണ മേഖലാനിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന് എല്ലാ അനുമതികളും ലഭിച്ചിരുന്നെന്നും കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സർക്കാർ ബോധിപ്പിച്ചു. പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും പരിസ്ഥിതി ആഘാത പഠന അതോറിട്ടിയുടെയും അനുമതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. ഇത്തരം പദ്ധതികളിൽ ചെറിയ അപാകതകൾ ഉണ്ടെങ്കിൽപോലും പൊതുതാത്പര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.