veed
പണി പൂർത്തിയായ പുതിയ വീട്

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പതിനാലാം വാർഡ് വികസന സമിതിയും, സാംസ്കാരിക സംഘടന ലീഫും ചേർന്ന് സുമനസുകളുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന് നടക്കും. പെരിങ്ങാല ചായിക്കര കുഞ്ഞമ്മയ്ക്കാണ് വീടു വച്ചു നല്കുന്നത്. ഇന്ന് വൈകിട്ട് 4.30 ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി താക്കോൽ കൈമാറും. തദവസരത്തിൽ ഹരിത ജൈവ പദ്ധതി പത്മശ്രീ പി.ആർ ശ്രീജേഷും, പ്ളാസ്റ്റിക് പ്രതിരോധ ഭാഗമായ തുണി സഞ്ചി വിതരണം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയും, ജൈവ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ജില്ളാ സ്പോർ‌ട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി ശ്രീനിജനും നിർവഹിക്കും. വാർഡ് വികസന സമിതി കൺവീനർ നിസാർ ഇബ്രാഹിം അദ്ധ്യക്ഷനാകും. കെ.ഇ അലിയാർ, സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, പി.പി അബൂബക്കർ,എൻ.എം കരീം, എൻ.വി രാജപ്പൻ, എൻ.വി വാസു, കെ.എം ഹുസൈൻ, കെ.എച്ച് മുഹമ്മദ്, പി.എം കരീം, നൗഷാദ് ഐവ, കെ.എസ്.എം ഷരീഫ്, എൻ.എച്ച് സക്കറിയ, സി.എം സത്താർ, അബൂബക്കർ വട്ടവിള, സലാം ചായിക്കര, കെ.എ സിദ്ധിക്ക്, മൂസ മാത്രക്കാട്ട്, അനസ് അലിയാർ, സി.സി കുട്ടപ്പൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. സാമ്പത്തികമായി താഴെ സ്ഥിതിയിലുള്ള കുഞ്ഞമ്മയ്ക്ക് 600 ചതുരശ്ര അടി വിസ്തൃതിയിൽ തറയിൽ ടൈലുകളടക്കം പാകി മുഴുവനായും പണി പൂർത്തിയായ വീടാണ് കൈമാറുന്നത്.