മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാളെ (വെള്ളി) വൈകിട്ട് 4ന് താലൂക്കിലെ എല്ലാ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ മതസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ റാലി നടക്കും. സെൻട്രൽ മഹല്ല് ജമാഅത്ത് ഹാളിൽ പ്രസിഡന്റ് കെ.കെ.ബഷീറിന്റെ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് മഹൽ ഏകോപന സമിതി യോഗം ചീഫ് ഇമാം ഷിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന നേതാക്കളായ എം.ബി.അബ്ദുൽഖാദർ മൗലവി, അബ്ദുൽ ഹമീദ് അൻവരി, മുഹമ്മദ് തൗഫീഖ് മൗലവി, കമറുദ്ദീൻ കാമിൽ സഖാഫി, ഷംസുദ്ദീൻ ഫാറൂഖി, എം.എം.നാസ്സർ മൗലവി, വി.എച്ച്.മുഹമ്മദ് മൗലവി, കെ.എം.അബദുൽമജീദ്, പി.വി.എം സലാം എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി കച്ചേരിത്താഴം, നെഹറു പാർക്ക് വഴി എവറസ്റ്റ് ജംഗ്ഷനിൽ സമാപിക്കും. പൊതുസമ്മേളനത്തിൽ എം.പി, എം.എൽ.എ, വിവിധ മതസാമൂഹിക സാംസ്‌കാരിക നേതാക്കൾ പ്രസംഗിക്കും. മതപണ്ഡിതൻമാർ രക്ഷാധികാരികളും, താലൂക്കിലെ എല്ലാ ജമാഅത്ത് ഭാരവാഹികളും ഉൾകൊള്ളുന്ന മഹൽ ഏകോപന സമിതിയേയും യോഗം തിരഞ്ഞെടുത്തു. പി.എം.അമീറലി(ചെയർമാനും) കെ.എം.അബ്ദുൽമജീദ്(കൺവീനറും) സൈത്കുഞ്ഞ് പുതുശ്ശേരി(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.