കൊച്ചി: പൊതുമേഖലയെ സംരക്ഷിച്ചും സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചും കേരളത്തിൽ സംരംഭക തൊഴിലാളി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തൊഴിൽ, സാമ്പത്തിക മേഖലകളിൽ കൊണ്ടുവരാൻ പോകുന്ന പുതിയ പരിഷ്‌കാരങ്ങൾ വഴി തൊഴിലാളികൾക്കും തൊഴിൽ മേഖലയ്ക്കുമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളിൽനിന്ന് അവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള സർക്കാരിനുള്ളത്. കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ ലേബർ കോൺഫറൻസിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തൊഴിലാളികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം കുടിയേറ്റ തൊഴിലാളികൾക്കും ഉറപ്പാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെച്ചപ്പെട്ട പാർപ്പിട സൗകര്യമൊരുക്കുന്നതിനായി അപ്നാ ഘർ എന്ന പേരിൽ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പാർപ്പിട പദ്ധതി ആരംഭിച്ചിട്ടുണ്ട്. 620 പേർക്കു താമസിക്കാവുന്ന വിധത്തിലുള്ള ഈ ഹോസ്റ്റൽ സൗകര്യം മറ്റു ജില്ലകളിലും ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് കേരളത്തിലെത്തുമ്പോൾ വിവിധ കാര്യങ്ങളിൽ സഹായം നൽകുന്നതിനു നിലവിൽ മൂന്നു ജില്ലകളിൽ ആരംഭിച്ചിട്ടുള്ള 'ശ്രമിക് ബന്ധു' എന്ന പേരിലുള്ള സഹായ കേന്ദ്രങ്ങൾ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.