തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന്

കൊച്ചി: ഇന്ന് നടക്കുന്ന കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അംഗത്വ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡെലീന പിൻഹീറോയ്‌ക്കെതിരെ സി.പി.എമ്മിലെ ഒ.പി.സുനിൽ മത്സരിക്കും. അതേസമയം നികുതികാര്യ സ്ഥിരം സമിതി അംഗത്വ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് എൽ.ഡി.എഫ് തീരുമാനിച്ചു. ഇതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോൺസൺ പാട്ടത്തിൽ(കേരള കോൺഗ്രസ് എം) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. എന്നാൽ ഈ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം അദ്ദേഹത്തിനു ലഭിക്കാൻ ഇനിയും വൈകും. നഗരാസൂത്രണ സ്ഥിരം സമിതിയിലേക്കു മത്സരിക്കാനായി ഒ.പി.സുനിൽ നികുതി കാര്യ സമിതിയിൽ നിന്ന് ഇന്നലെ രാജിവച്ചതിനാലാണിത്. ഈ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ.

# ബി.ജെ.പി വിട്ടുനിൽക്കും

എല്ലാ കൗൺസിലർമാർക്കും വോട്ടവകാശമുണ്ട്. നിലവിലെ സാഹചര്യത്തിൽ 37 അംഗങ്ങളുള്ള യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാൽ വിജയം ഉറപ്പിക്കാനാവും. എൽ.ഡി.എഫിന് 34 അംഗങ്ങളാണുള്ളത്. 2 കൗൺസിലർമാരുള്ള ബി.ജെ.പി ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലേതു പോലെ വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കുമെന്നു കക്ഷി നേതാവ് ശ്യാമള എസ്.പ്രഭു അറിയിച്ചു.

# അട്ടിമറി പ്രതീക്ഷയിൽ എൽ.ഡി.എഫ്

കോൺഗ്രസിലെ ചേരിപ്പോരിൽ വോട്ട് മറിയുമോ എന്നതാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലെ പോലെ ഒറ്റക്കെട്ടായി തന്നെ യു.ഡി.എഫ് കൗൺസിലർമാർ വോട്ട് ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു. മേയർ മാറ്റ നീക്കത്തിൽ പ്രതിഷേധിച്ച് പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയ കോൺഗ്രസ് കൗൺസിലർമാരായ ഗീത പ്രഭാകരൻ, ജോസ് മേരി എന്നിവരും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം.ഹാരിസ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച എ.ബി.സാബു എന്നിവർ ഇന്നലെ നടന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ ഇവരെല്ലാം വ്യക്തിപരമായ അസൗകര്യങ്ങൾ മൂലമാണ് എത്താത്തതെന്നും എല്ലാവരും ഇന്ന് വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

# ഒപ്പത്തിനൊപ്പം

മേയർ സ്ഥാനം ലക്ഷ്യമിടുന്ന ഷൈനി നഗരാസൂത്രണ സമിതി അദ്ധ്യക്ഷ സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവച്ചതോടെയാണ് ആ കമ്മിറ്റിയിൽ ഒഴിവ് വന്നത്. നിലവിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 4 വീതമാണ് ഈ കമ്മിറ്റിയിലെ അംഗബലം. അതേസമയം നികുതി കാര്യ സ്ഥിരം സമിതിയിൽ യു.ഡി.എഫിന് 4, എൽ.ഡി.എഫിന് 3, ബി.ജെ.പി 1 എന്നിങ്ങനെയാണ് അംഗബലം. അതിനാലാണ് ഈ സമിതിയിലേക്കുള്ള അംഗത്വ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കാത്തതെന്നു പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി അറിയിച്ചു.