പറവൂർ : സംസ്ഥാന ജൂനിയർ വോളിബാൾ പുരുഷ - വനിതാ ചാമ്പ്യൻഷിപ്പിന് നാളെ (വെള്ളി) മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്ര മൈതാനിയിൽ തുടങ്ങും. നാല് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പ് 24 ന് സമാപിക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഇരുപത്തൊന്ന് വയസിനു താഴെയുള്ള പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലാ ടീമുകൾ മാറ്റുരയ്ക്കുന്ന ഉത്തരമേഖല ചാമ്പ്യൻഷിപ്പ് ഇതേ ദിവസങ്ങളിൽ കണ്ണൂരിൽ നടക്കും. രണ്ടു മേഖലകളിൽ നിന്നുള്ള മൂന്നു ടീമുകൾ വീതം അവസാന റൗണ്ടിൽ പ്രവേശിക്കും. ജനുവരി രണ്ടാം വാരം പാലക്കാടാണ് ഫൈനൽറൗണ്ട്. പുരുഷന്മാരിൽ കോഴിക്കോടും വനിതകളിൽ കണ്ണൂരുമാണ് നിലവിലെ ചാമ്പ്യൻന്മാർ.

ഇന്നു വൈകിട്ട് ആറിന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 23ന് വൈകിട്ട് ആറിന് വടക്കേക്കരയിലെ അന്തർദേശീയ താരങ്ങളെയും സർക്കാർ വകുപ്പുകളുടെ കളിക്കാരെയും ആദരിക്കുന്ന ചടങ്ങ് എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് വി.എ. മൊയ്തീൻ നൈന അദ്ധ്യക്ഷത വഹിക്കും. 24ന് രാത്രി എട്ടിന് സമാപന സമ്മേളനത്തിൽ ബെന്നി ബഹ്നാൻ എം.പി ദക്ഷിണ മേഖലയിലെ ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കും. സംസ്ഥാന, ജില്ലാ വോളിബാൾ അസോസിയേഷനുകളും മൂത്തകുന്നം വോളി ക്ലബുമാണ് സംഘാടകർ. പെട്രോനൈറ്റ് എൽ.എൻ.ജിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമാണ് മുഖ്യ സ്പോൺസർമാർ.

ലീഗ് കം നോക്കൗട്ട്

ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ്. പതിനാറ് ലീഗ് റൗണ്ടുകളും എട്ട് നോക്കൗട്ട് റൗണ്ടുകളുമടക്കം ഇരുപത്തിയഞ്ച് മത്സരങ്ങൾ നടക്കും. 160 താരങ്ങളും 29 പരിശീലകരും 24 റഫറിമാരും 11 കൺട്രോൾ കമ്മിറ്റി അംഗങ്ങളും 100 വൊളന്റിയർമാരും ചാമ്പ്യൻഷിപ്പിനെത്തും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. വനിതകളുടെ ആദ്യ മത്സരത്തിൽ എറണാകുളം പത്തനംതിട്ടയെ നേരിടും. പുരുഷന്മാരിൽ എറണാകുളം ഇടുക്കിയുമായി ഏറ്റുമുട്ടും. ദക്ഷിണ, ഉത്തര മേഖല ചാമ്പ്യൻഷിപ്പുകളിൽ നിന്നാണ് ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമുകളെ തിരഞ്ഞെടുക്കുന്നത്.