ഫോർട്ടുകൊച്ചി: പൈതൃക നഗരിയിലെ അനധികൃത കടകൾ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കുന്നത് പ്രഹസനം. ഇന്ന് തന്നെ കൂണുകൾ പോലെ പൊളിച്ച കടകൾ പഴയ സ്ഥാനത്ത് പൂർവാധികം ശക്തിയോടെ കുതിച്ച് പൊങ്ങും. കഴിഞ്ഞ കുറെ വർഷങ്ങളായി അധികാരികളുടെ നേതൃത്വത്തിൽ പൊളിക്കൽ നടപടികൾ തകൃതിയായി നടക്കുന്നത്. എന്നാൽ ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ റവന്യൂ വിഭാഗത്തിനോ കൊച്ചിൻ കോർപ്പറേഷനോ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് കടകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് പെട്ടിക്കട ഉന്തുവണ്ടി അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ചില സ്ഥലങ്ങളിൽ മിനിയാന്ന് പൊളിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ചില സംഘർഷങ്ങളും അരങ്ങേറി. ഇതിന് മുൻപും കാശ്മീരി കടകൾ ഇവിടെ നിന്നും അധികാരികൾ ഒഴിപ്പിച്ചിരുന്നു. പിന്നീട് നഗരസഭ തന്നെ സ്ഥലം കണ്ടെത്തി ഇവരെ അവിടെ പുനരധിവാസം നടത്തി. ഫോർട്ടുകൊച്ചി സ്റ്റാൻഡിൽ നിന്നും ബീച്ചിലേക്ക് പോകുന്ന നടപ്പാതയിലെ മത്സ്യ കച്ചവടക്കാരെയാണ് ആദ്യം ഒഴിപ്പിക്കേണ്ടത്. ഫുട്പാത്തിൽ മീൻ വെള്ളം ഒഴുകി ദുർഗന്ധം പരത്തുന്ന സ്ഥിതിയാണ്. നൂറ് കണക്കിന് വിദേശികളും സ്വദേശികളുമാണ് ദുർഗന്ധം ശ്വസിച്ച് ഇതുവഴി നടന്നു പോകുന്നത്. ഇതിനിടയിൽ മയക്കമരുന്ന് - കഞ്ചാവ് വില്പനയും തകൃതിയായി നടക്കുന്നുണ്ട്. ഇന്നലെ നടന്ന പൊളിക്കലിനിടയിൽ മയക്കുമരുന്ന് അധികാരികൾ കണ്ടെത്തിയിരുന്നു. ഫോർട്ടുകൊച്ചിയിലെ ഹോം സ്റ്റേയിൽ എത്തുന്ന വിദേശികൾക്ക് യഥേഷ്ടം കറുപ്പ് ,കഞ്ചാവ്, കെറ്റാമിൻ പോലുള്ള മയക്കമരുന്നുകൾ ഇവിടെ കൂടിയ വിലക്ക് വിതരണം നടക്കുന്നുണ്ട്. എന്നാൽ പൊലീസ് അധികാരികൾ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.