കിഴക്കമ്പലം: സാംസകാരിക സംഘടനയായ കിഴക്കമ്പലം ട്വന്റി 20 ഭരണത്തിലുള്ള കിഴക്കമ്പലം പഞ്ചായത്തിൽ പ്രസിഡന്റ് കെ.വി ജേക്കബിനെതിരെ പഞ്ചായത്തിലെ 14 അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നല്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുഴുവൻ പേരും ഒന്നിച്ചെത്തി വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് കൈമാറിയത്. നാളുകളായി പ്രസിഡന്റെന്ന നിലയിൽ സംഘടനക്കെതിരായി എടുത്ത തീരുമാനങ്ങളാണ് ഒടുവിൽ അവിശ്വാസത്തിൽ കലാശിച്ചത്. സംഘടന പഞ്ചായത്തിൽ നടപ്പാക്കുന്ന നിരവധി വികസന പ്രവർത്തനങ്ങളിൽ ജേക്കബ് ഒളിഞ്ഞും, തെളിഞ്ഞും സംഘടന വിരുദ്ധ നിലപാടുകളെടുത്തതായി പഞ്ചായത്തംഗങ്ങൾ ആരോപിക്കുന്നു. ഒടുവിൽ എരപ്പുംപാറ ചൂരക്കോട് റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് തുടക്കമിട്ടപ്പോൾ റോഡു നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കിയത് ട്വന്റി 20 നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം നേതൃത്വം റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളുമായി രംഗത്തു വന്ന സാഹചര്യത്തിൽ സംഘടന നേതൃത്വത്തെ മുഖ വിലക്കെടുക്കാതെ പഞ്ചായത്തോഫീസിൽ വച്ച് ജേക്കബ് ചർച്ച നടത്തിയതും വിവാദമായിരുന്നു. തുടർന്ന് സംഘടന ഹൈ പവർ കമ്മിറ്റി യോഗം ചേർന്ന് ജേക്കബിനോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ട് അന്തിമ സമയം നല്കി. ഇന്നലെ രാവിലെ 11 നുമുമ്പ് രാജി നല്കാനായിരുന്നു നിർദ്ദേശം. എന്നാൽ രാജി നല്കാൻ തയ്യാറാകാതെ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ സംഘടനക്കുള്ള 15 പഞ്ചായത്തംഗങ്ങളിൽ 14 പേരും ചേർന്ന് അവിശ്വാസ നോട്ടീസ് നല്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായാണ് രാഷ്ട്രീയ കക്ഷി അല്ലാതെ ഒരു സംസ്ക്കാരിക സംഘടന പഞ്ചായത്തിൽ അധികാരത്തിലെത്തുന്നത്. നേരത്തെ സി.പി എമ്മിലും പിന്നീട് സി.പി.ഐ യിലും സജീവ പ്രവർത്തകനായിരുന്ന ജേക്കബ് സി.പി ഐ നേതാവായിരിക്കെയാണ് ട്വന്റി 20 യോടൊപ്പം ചേർന്ന് പ്രസിഡന്റാകുന്നത്.