അങ്കമാലി : നൈപുണ്യ വികസനത്തിന് ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ എഡ്യൂക്കേഷണൽ സൊസൈറ്റി ഫിസാറ്റ് സ്‌കിൽപാർക്ക് എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണെന്ന് ഫിസാറ്റ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഫിസാറ്റിൽ സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറി എം. ശിവശങ്കർ ഉദ്ഘാടനം ചെയ്യും. ഫിസാറ്റ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ അദ്ധ്യക്ഷത വഹിക്കും. റോജി എം ജോൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.

ബോഷ് , എസ്.കെ.എഫ് ,സാംസഗ്, ജാഗ്വാർ, ഡെൽ, മൈക്രോസോഫ്റ്റ്, ജനറൽ ഇലക്ട്രിക്കൽസ് തുടങ്ങി പതിനഞ്ച് കമ്പനികളുടെ വിവിധ പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് ഫിസാറ്റ് സ്‌കിൽ പാർക്ക്. ഫിസാറ്റിലെ വിദ്യാർത്ഥികൾ കൂടാതെ മറ്റു കോളേജുകളിലെ വിദ്യാർത്ഥികൾക്കും ഇവിടെ പഠിക്കുവാൻ അവസരമുണ്ടാകും ഇതിനോട് ചേർന്നുള്ള അന്തർദേശിയ വിദേശ ഭാഷ പരിശീലന കേന്ദ്രത്തിൽ ഫ്രഞ്ച് , ജർമ്മൻ , ഡച്ച് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജാപ്പനീസ് തുടങ്ങി ഏഴോളം ഭാഷകളിൽ പരിശീലനം നൽകും. സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ സിവിൽ സർവീസ് ,ബാങ്കിംഗ് കോഴ്‌സുകൾ ,മത്സര പരീക്ഷാ പരിശീലനങ്ങൾ തുടങ്ങിയവ നടക്കും.