കൊച്ചി : മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയെ വിദേശത്തേക്ക് ജോലിക്കായി കൊണ്ടുപോയി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നും ഇവരെ തിരിച്ചു നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി.

കഴിഞ്ഞവർഷം ഡിസംബർ എട്ടിനാണ് 25,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദുബായിലേക്ക് ഒരു സംഘം കൊണ്ടുപോയത്. ദുബായിൽ നിന്ന് ഇവരെ കാറിൽ ഒമാനിലെത്തിച്ച് ഒരു അറബിക്ക് 2.75 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ഹർജിയിൽ പറയുന്നു. അവിടെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇവർ ഇരയാകുന്നതെന്ന് വീട്ടുകാർ പ്രവാസി ലീഗൽ സെൽ മുഖേന നൽകിയ ഹർജിയിൽ പറയുന്നു. ഇവരെ നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയം, ഒമാനിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. ഇവരെ വിദേശത്തേക്ക് കൊണ്ടുപോയ സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.