മുംബായ്: ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് പല്ലോൻജി മിസ്ത്രിയെന്ന് ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രിബ്യൂണൽ വിധി. 2016ൽ തന്നെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ മിസ്ത്രി സമർപ്പിച്ച അപ്പീൽ രണ്ടംഗ ട്രിബ്യൂണൽ അംഗീകരിച്ചു. ഇപ്പോൾ ചെയർമാൻ സ്ഥാനം വഹിക്കുന്ന എൻ.ചന്ദ്രശേഖരന്റെ നിയമനം അസാധുവാക്കുകയും ചെയ്തു.
മിസ്ത്രിയെ പുറത്താക്കിയത് ചട്ടലംഘനവും ഓഹരി പങ്കാളിയെ ഒതുക്കലുമാണെന്ന് വിധിയിൽ പറയുന്നു. ടാറ്റാ സൺസിനെ പ്രൈവറ്റ് കമ്പനിയാക്കാൻ എടുത്ത ഡയറക്ടർ ബോർഡ് തീരുമാനവും റദ്ദാക്കിയിട്ടുണ്ട്.
ഒരു മാസത്തിന് ശേഷമേ വിധി പ്രാബല്യത്തിൽ വരൂ. ഇതിനുള്ളിൽ സുപ്രീം കോടതിയിൽ ടാറ്റാ സൺസിന് അപ്പീൽ സമർപ്പിക്കാം. ക്രിസ്മസ് അവധിക്ക് മുമ്പ് തന്നെ സുപ്രീം കോടതിയെ ഗ്രൂപ്പ് സമീപിക്കുമെന്നാണ് സൂചന. വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ജനുവരിയിൽ ടാറ്റയിൽ മിസ്ത്രിയുടെ യുഗം വീണ്ടും പിറക്കും.
ഉപ്പു മുതൽ സോഫ്റ്റ്വെയർ വരെ ഇന്ത്യയിലെ വ്യവസായ രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ടാറ്റാ വ്യവസായ കുടുംബത്തിന് തിരിച്ചടിയാണീ വിധി. വിശേഷിച്ച് സാമ്പത്തിക മാന്ദ്യത്തിന് നടുവിൽ രാജ്യവും ലോകവും വലയുന്ന വേളയിൽ. വിധിക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്സിന്റെയും ടാറ്റാ കൺസൾട്ടൻസി സർവീസസിന്റയും മൂല്യം ഇടിഞ്ഞു.
ഇന്ത്യൻ വ്യവസായ മേഖലയുടെ ഐതിഹാസിക മുഖമായ രത്തൻടാറ്റ ടാറ്റ ചെയർമാൻ പദവി ഒഴിഞ്ഞ 2012ലാണ് സൈറസ് മിസ്ത്രി പദവിയേറ്റെടുത്തത്. രത്തനും ഡയറക്ടർ ബോർഡുമായുള്ള ഭിന്നതകളെ തുടർന്ന് 2016 ഒക്ടോബർ പത്തിന് മിസ്ത്രിക്ക് സ്ഥാനം നഷ്ടമായി. രത്തൻടാറ്റ ഇടക്കാല ചെയർമാനായി. 2017ഫെബ്രുവരിയിൽ ടാറ്റാ കുടുംബത്തിന് പുറത്തു നിന്നുള്ള ആദ്യ ചെയർമാനായി എൻ. ചന്ദ്രശേഖരൻ ചുമതലയേറ്റു. കഴിഞ്ഞ ജൂലായിൽ ദേശീയ കമ്പനി ലാ ട്രിബ്യൂണൽ മിസ്ത്രിയുടെ ഹർജി തള്ളിയതിനെ തുടർന്നാണ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്.
ഏതാണ്ട് 72000 കോടി രൂപയാണ് സൈറസ് മിസ്ത്രിയുടെ വ്യക്തിഗത ആസ്തി. ഭാര്യ റോഹിക്യ. രണ്ട് മക്കളുണ്ട്. മുംബായിലെ പാഴ്സി കുടുംബാംഗമാണെങ്കിലും ഐറിഷ് പൗരനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ 18.4% ഓഹരി മിസ്ത്രിയുടെ സൈറസ് ഇൻവെസ്റ്റ്മെന്റ്സിന്റേതാണ്.
ഇത് എന്റെ വിജയമല്ല. മൂല്യങ്ങളുടെ, നല്ല മാനേജ്മെന്റ് തത്വങ്ങളുടെ ന്യൂനപക്ഷ ഓഹരിയുടമ അവകാശങ്ങളുടെ വിജയമാണ്. അര നൂറ്റാണ്ടിലേറെയായി ടാറ്റയിലെ പ്രമുഖ ന്യൂനപക്ഷ ഓഹരിയുടമകളായിരുന്നു മിസ്ട്രി കുടുംബം. ചെയർമാൻ സ്ഥാനത്ത് നിന്നും പിന്നെ ഡയറക്ടർ ബോർഡിൽ നിന്നും നീക്കിയത് മാന്യമായല്ല. ഒരുമയോടെ പ്രവർത്തിച്ചാൽ ടാറ്റാ ഗ്രൂപ്പിന് ഇനിയും വളരാം.
സൈറസ് മിസ്ത്രി