കൊച്ചി: ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി തിരുനെൽവേലിയിലെ കുറ്റിക്കാട്ടിൽ തള്ളിയ ഭാര്യയുടെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്‌തു. മറവ് ചെയ്‌ത മൃതദേഹം പ്രതികളായ പ്രേംകുമാർ, സുനിത ബേബി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുറത്തെടുത്തത്. മൃതദേഹം ഭാര്യ വിദ്യയുടേതാണെന്ന് പ്രേംകുമാർ തിരിച്ചറിഞ്ഞു.
കഴിഞ്ഞ സെപ്‌തംബർ 21 ന് പുലർച്ചെ തിരുവനന്തപുരം പേയാടുള്ള വില്ളയിൽ വച്ചാണ് വിദ്യയെ കഴുത്തിന് കയറുകുരുക്കി കൊലപ്പെടുത്തിയത്. പിറ്റേന്ന് വൈകിട്ട് നാലുമണിയോടെ പ്രേംകുമാറും സുനിതയും മൃതദേഹം കാറിൽ കയറ്റി തിരുനെൽവേലിയിലെ ദേശീയപാതയോട് ചേർന്ന കുറ്റിക്കാട്ടിൽ തള്ളി. തിരിച്ചറിയാത്തതിനാൽ ഒരു മാസത്തിനുശേഷം അജ്ഞാത മൃതദേഹമായി അവിടുത്തെ പൊലീസ് മറവുചെയ്‌തു.
ഇന്നലെ പ്രതികളുമായി തിരുനെൽവേലിയിലെത്തി തെളിവെടുത്തു. മൃതദേഹം ഉപേക്ഷിച്ച സ്ഥലം പ്രതികൾ ചൂണ്ടിക്കാട്ടി. അതിനുശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയത്. വിദ്യയുടെ ഡി.എൻ.എ പരിശോധനയ്‌ക്കായി അസ്ഥികൾ എടുത്തു. പോസ്‌റ്റുമോർട്ടത്തിനു ശേഷം മൃതദേഹം അവിടെത്തന്നെ മറവു ചെയ്‌തു. മൃതദേഹം ചെറിയ കഷണങ്ങളാക്കി മുറിച്ച് പലയിടത്ത് ഉപേക്ഷിക്കാൻ പദ്ധിയിട്ടതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്ന് അന്വേഷണസംഘം പറഞ്ഞു.
തിരുവനന്തപുരത്തെ തെളിവെടുത്ത് പൂർത്തിയായതോടെ ഇന്ന് ഉദയംപേരൂരിലെത്തിച്ച് വിശദമായി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 24 വരെയാണ് ഇരുവരെയും പൊലീസ് കസ്‌റ്റഡിയിൽ വിട്ടിട്ടുള്ളത്. മൃതദേഹം തിരുനെൽവേലിയിൽ ഉപേക്ഷിക്കാൻ പ്രതികൾക്ക് ഉപദേശം നൽകിയ സുഹൃത്തിനെ കണ്ടെത്താനായിട്ടില്ല.