കളമശേരി :എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ പൂട്ടിയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പിതാവിനെ കാണിക്കാൻ ശ്വാസകോശ രോഗവിഭാഗത്തിൽ എത്തിയ എടത്തല സ്വദേശി ദാറുസലാം വീട്ടിൽ മുജീബ് റഹ്മാനാണ് ഡോക്ടർമാരെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. ഇയാൾ വരുമ്പാേൾ ശ്വാസകോശ രോഗവിഭാഗംമേധാവി ഡോ.ജി മല്ലൻ, ഡോ.എബ്രഹാം കോശിഎന്നിവർ രോഗികളെ പരിശോധിക്കുകയായിരുന്നു.
ഒരു മണിക്ക് പിജി വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ ഡോ: മല്ലൻ പോയതാണ് മുജീബ് റഹ്മാനെ ക്ഷുഭിതനാക്കിയത്. രോഗികളെ പരിശോധിക്കുന്നതിനിടയിൽ ക്ലാസെടുക്കാൻ പോകന്നത് ശരിയല്ലെന്ന് പറഞ്ഞ് ബഹളം വെച്ചു. രാേഗിയെ പരിശോധിക്കാമെന്ന് മറ്റ് ഡോക്ടർമാർ പറഞ്ഞെങ്കിലും മുജീബിന് സ്വീകാര്യമായില്ല. മറ്റുരോഗികളെ മുഴുവൻ പരിശോധിച്ച് പുറത്തേക്കിറങ്ങാനൊരുങ്ങിയ ഡോക്ടർമാരെ ഇയാൾ പൂട്ടിയിടുകയായിരുന്നു. വാതിൽ കുറ്റിയിട്ടശേഷം അടുത്തുണ്ടായിരുന്ന മേശ വലിച്ചിട്ട് അതിൽ കയറിയിരുന്നു.ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാക്കിയതിനും ഡോക്ടർമാർക്കെതിരെഅതിക്രമംനടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു.