കൊച്ചി: പൊലീസ് നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് താനെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് പിണറായി വിജയനെന്ന് രാഷ്ട്രീയ ചിന്തകൻ എൻ.എം പിയേഴ്‌സൺ പറഞ്ഞു. ജനുവരി 4 മുതൽ 22 വരെ നടക്കുന്ന വാളയാർ നീതിയാത്രയുടെ പ്രചരണത്തിനായി നടത്തിയ വിളംബര ജാഥ പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദളിത് പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ച ഡി.വൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന ആവശ്യമുന്നയിക്കുമ്പോൾ അതിനോട് മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

കെ.സി.രാജേന്ദ്രനും ലൈലാ റഷിദും നയിക്കുന്ന വിളംബരജാഥയുടെ ഉദ്ഘാടന സമ്മേളനത്തിൽ സി.ആർ നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി. കെ.സി. രാജന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിപുൺ ചെറിയാൻ നന്ദി പറഞ്ഞു.