കൊച്ചി: വൈറ്റില പൊന്നുരുന്നിയിൽ ഇരുനില വീടിന്റെ താത്കാലിക ഷെഡിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. പൊന്നുരുന്നി സ്വദേശി രജി പി. നാറനാടിന്റെ വീടിന്റെ ടെറസിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിനായി നിർമ്മിച്ച താത്കാലിക ഷെഡിലാണ് തീപിടിച്ചത്. ഷെഡിൽ കൂടിക്കിടന്ന വിറകിലും മണ്ണെണ്ണ സ്റ്റൗവുകളിലും പടർന്ന തീ തൊട്ടടുത്ത താമസക്കാരനായ ജനാർദ്ദനൻ എന്ന ആളിന്റെ വീട്ടിലേയ്ക്കും പടർന്നു. ഗാന്ധിനഗർ ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ പ്രേംനാഥിന്റെ നേതൃത്വത്തിലെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന വാഹനങ്ങൾ തീ അണച്ചു. ആളുകളെ പരിഭ്രാന്തരാക്കിയെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം.