maoist-issue

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( എൻ.ഐ.എ ) ഏറ്റെടുത്തു. പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) മാറ്റമൊന്നുമില്ലാതെ ഇന്നലെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.

സി.പി.എം പ്രവർത്തകരായ ഇരുവർക്കുമെതിരെ കോഴിക്കോട് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തത് വൻ വിവാദമായിരുന്നു. സി.പി.എം കേന്ദ്രനേതൃത്വം ശക്തമായി എതിർത്തെങ്കിലും അവർക്ക് മാവോയിസ്‌റ്റ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നത്.

യു.എ.പി.എ പ്രകാരം ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരാൻ മതിയായ വസ്തുതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും നേരത്തെ ഹൈക്കോടതി ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമ വിദ്യാർത്ഥിയായ അലൻ ഷുഹൈബ്, ജേണലിസം വിദ്യാർത്ഥിയായ താഹ എന്നിവരെ നവംബർ ഒന്നിന് രാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും മറ്റും പ്രതികളിൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി.