
കൊച്ചി: അടിക്കടിയുള്ള അപകടങ്ങൾ മൂലം വലിയ തുക ഇൻഷ്വറൻസായി നൽകേണ്ടി വരുന്നതിനാൽ കേരളത്തിൽ മോട്ടോർ ഇൻഷ്വറൻസ് നൽകാൻ സ്വകാര്യ കമ്പനികൾ പേടിക്കുന്നു. റോഡപകടങ്ങൾക്കൊപ്പം സംസ്ഥാന പാതയുടെ ശോച്യാവസ്ഥയുമാണ് കമ്പനികളെ പിന്നോട്ട് വലിക്കുന്നത്. നിലവിൽ, കേരളത്തിൽ മോട്ടോർ ഇൻഷ്വറൻസ് നൽകുന്നത് പരമാവധി കുറയ്ക്കാൻ കമ്പനികളുടെ തലപ്പത്തുനിന്നും ഏജന്റുമാർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അടിക്കടി നടക്കുന്ന അപകടങ്ങൾ കമ്പനികൾക്ക് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നു എന്ന വിലയിരുത്തലാണ് ഇതിന് കാരണം. അതേസമയം, ഇൻഷ്വറൻസ് പ്രീമിയം കൂട്ടി ഉപഭോക്താക്കളെ ഒഴിവാക്കാനും കമ്പനികൾ ആലോചിക്കുന്നതായാണ് വിവരം.
ചിലമോഡൽ ആഢംബര വാഹനങ്ങൾക്ക് ഇൻഷ്വറൻസ് നൽകുന്നത് സ്വകാര്യ കമ്പനികൾ പൂർണമായും നിറുത്തിവച്ചിരിക്കുകയാണ്. ഇത്തരം വാഹനങ്ങൾ കുഴിയിൽ വീണാൽ തന്നെ വലിയ തുകയാണ് അറ്റകുറ്റപ്പണിക്കുവേണ്ടി വരുന്നത്. ടൂവീലർ വാഹനങ്ങളെ ഏതാണ്ട് ഒഴിവാക്കിയ അവസ്ഥയിലാണ്. ചുരുക്കം ചില സ്വകാര്യ കമ്പനികൾ മാത്രമാണ് ടൂവീലർ ഇൻഷ്വറൻസ് നൽകാൻ തയ്യാറായിരിക്കുന്നത്.
വാഹനത്തിനും അത് ഓടിക്കുന്ന ആളുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ നിർബന്ധമാണ്. വാഹന ഇൻഷ്വറൻസ് രണ്ടു തരത്തിലാണുള്ളത്. മോട്ടോർ വാഹന നിയമപ്രകാരവും വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തിലും. പൊതുനിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസിയാണ് മോട്ടോർ വാഹന നിയമപ്രകാരം എടുത്തിരിക്കേണ്ടത്. രണ്ടാമതായി, വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി.
സ്വകാര്യകമ്പനികൾ പിൻവാങ്ങുന്നതോടെ വാഹന ഇൻഷ്വറൻസിനായി ഉടമകൾ സർക്കാർ സംവിധാനങ്ങളെയാണ് ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത്. പ്രതിദിനം നൂറോളം വാഹനങ്ങളാണ് ഇത്തരത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ഇൻഷ്വറൻസിനായി സമീപിക്കുന്നത്.
വാഹനങ്ങളെ ഇരുചക്രവാഹനം, സ്വകാര്യ കാറുകൾ, ടാക്‌സി, ഓട്ടോ, ചരക്കു വാഹനങ്ങൾ, യാത്രാവാഹനങ്ങൾ, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഓരോ വാഹനത്തിന്റെ ഇൻഷ്വേഡ് ഡിക്ലയേർഡ് വാല്യു (ഐ.ഡി.വി) അഥവാ കമ്പോള വിലയായിരിക്കും ഒന്നാമത്തെ മാനദണ്ഡം. ഇതിനു പുറമേ വാഹനത്തിന്റെ കപ്പാസിറ്റി, ഏത് ആവശ്യത്തിനുപയോഗിക്കുന്നു, കാലപ്പഴക്കം എന്നിവയെ അടിസ്ഥാനമാക്കിയാണ് പാക്കേജ് പോളിസി അഥവാ ഫുൾ കവർ ഇൻഷുറൻസിൽ പ്രീമിയം നിശ്ചയിക്കുന്നത്. എന്നാൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതായതിനാൽ അതാത് വാഹനങ്ങളുടെ പട്ടിക പ്രകാരമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.