നഗരാസൂതണ സ്ഥിരം സമിതി
ഒ.പി. സുനിൽ ( എൽ.ഡി.എഫ്) 35
ഡെലീന പിൻഹീറോ ( യു.ഡി.എഫ്) 33
കൊച്ചി: കോർപ്പറേഷനിലെ നഗരാസൂത്രണ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. നഗരാസൂത്രണ സ്ഥിരം സമിതിയിൽ നിന്ന് അദ്ധ്യക്ഷ കൂടിയായ ഷൈനി മാത്യു രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗം ഒ.പി .സുനിൽ വിജയിച്ചു. 33 നെതിരെ 35 വോട്ടുകൾക്കാണ് സുനിൽ വിജയിച്ചത്. കോൺഗ്രസ് അംഗം ഡെലീന പിൻഹീറോയാണ് പരാജയപ്പെട്ടത്. ഇതോടെ ആകെയുള്ള എട്ട് സ്ഥിരം സമിതികളിൽ നാലെണ്ണത്തിൽ എൽ.ഡി.എഫിനായി ഭൂരിപക്ഷം.
# യു.ഡി.എഫിലെ അനൈക്യം തുണച്ചു
സൗമിനിജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റിയാൽ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന യു.ഡി.എഫ് സ്വതന്ത്ര ഗീതാ പ്രഭാകർ, കോൺഗ്രസ് അംഗം ജോസ് മേരി എന്നിവർ എൽ.ഡി.എഫിന് വോട്ടുചെയ്തു. മേയറെ പരസ്യമായി പിന്തുണയ്ക്കുന്ന കോൺഗ്രസ് അംഗം ഡേവിഡ് പറമ്പിത്തറയുടെ വോട്ട് അസാധുവായി. കോൺഗ്രസ് കൗൺസിലറായ ജലജാമണിക്ക് വൈകിയെത്തിയതിനാൽ വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. അനാരോഗ്യം മൂലം ഹംസക്കുഞ്ഞിനും വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ബി.ജെ.പിയുടെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ ഹാജരായ 71 കൗൺസിലർമാരിൽ 35 പേരുടെ പിന്തുണ എൽ.ഡി.എഫിന് കിട്ടി. ആകെ 73 അംഗങ്ങളാണുള്ളത്.
# കണ്ണീരോടെ ഡെലീന പിൻഹീറോ
സൗമിനി ജെയിൻ സ്ഥാനമൊഴിയുമ്പോൾ പകരം മേയറാകാനാണ് ഷൈനി മാത്യു നഗരാസൂത്രണ സ്ഥിരം സമിതി അംഗത്വവും അദ്ധ്യക്ഷപദവിയും രാജിവച്ചത്. നഗരാസൂത്രണസമിതി അദ്ധ്യക്ഷസ്ഥാനം സ്ത്രീ സംവരണമാണ്. സമിതിയിൽ യു.ഡി.എഫിന് വേറെ സ്ത്രീ അംഗങ്ങൾ ഇല്ല. അതിനാലാണ് നികുതികാര്യ സമിതിയിൽ നിന്ന് രാജിവയ്പ്പിച്ച് ഡെലീനയെ മത്സരിപ്പിച്ചത്. നിലവിൽ എൽ.ഡി.എഫിലെ സുനില ശെൽവനാണ് സമിതിയിലെ ഏകവനിതാ അംഗം. ഒമ്പതംഗ സമിതിയിൽ ഇപ്പോൾ എൽ.ഡി.എഫിന് അഞ്ചംഗങ്ങളുടെ ഭൂരിപക്ഷമുള്ളതിനാൽ സുനിത സമിതി അദ്ധ്യക്ഷയാകും. വിജയിച്ച ഒ .പി .സുനിൽ വടുതല വെസ്റ്റ് ഡിവിഷൻ കൗൺസിലറാണ്. നികുതികാര്യ സമിതിയിൽ നിന്ന് രാജിവച്ചാണ് മത്സരിച്ചത്. വിജയം ഉറപ്പിച്ച് പോരാട്ടത്തിനിറങ്ങിയ ഡെലീന തോൽവി സഹിക്കാൻ കഴിയാതെ കരഞ്ഞുകൊണ്ട് കൗൺസിലിൽ നിന്നിറങ്ങിപ്പോയി.
# നികുതികാര്യ സമിതി
തിരഞ്ഞെടുപ്പ് നടന്നില്ല
നികുതികാര്യ സമിതിയിലെ രണ്ട് ഒഴിവിലേക്കും ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരും നോമിനേഷൻ നൽകാത്തതിനാൽ വോട്ടെടുപ്പ് നടന്നില്ല. യു.ഡി.എഫിന് മേൽക്കൈയ്യുള്ളതിനാൽ എൽ.ഡി. എഫ് മത്സരത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
# കൗൺസിൽ പിരിച്ചുവിടണമെന്ന്
പ്രതിപക്ഷം
അധികാരത്തിലേറുമ്പോൾ എട്ട് സ്ഥിരം സമിതികളിൽ വിദ്യാഭ്യാസ സമിതിയൊഴികെ ഏഴും യു.ഡി.എഫിന്റെ കൈവശമായിരുന്നു. ധനകാര്യം, ആരോഗ്യ സ്ഥിരംസമിതികൾ പിന്നീട് എൽ.ഡി.എഫ് പിടിച്ചെടുത്തു. നഗരാസൂത്രണ സമിതി കൂടി കൈവിട്ടതോടെ നഗരഭരണത്തിന്റെ ചുക്കാൻ തന്നെ യു.ഡി.എഫിന് നഷ്ടമായിരിക്കുകയാണെന്നും മേയർ നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്നും പ്രതിപക്ഷനേതാവ് കെ .ജെ ആന്റണിയും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി .പി .ചന്ദ്രനും ആവശ്യപ്പെട്ടു.
അട്ടിമറി വിജയത്തെ തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന അനുമോദന യോഗം കെ .ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. വി.പി .ചന്ദ്രൻ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ പ്രതിഭ അൻസാരി,പൂർണ്ണിമ നാരായണൻ, കൗൺസിലർമാരായ ബനഡിക്ട് ഫെർണാണ്ടസ്, ജിമിനി, കെ ജെ ബേസിൽ, ഷീബാ ലാൽ,ജയന്തി പ്രേംനാഥ്, കെ.കെ രവിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.