തിരുവനന്തപുരം: ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വൈദ്യുതി പരമാവധി ലാഭിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഈ രംഗത്തുള്ള ഗവേഷണങ്ങൾ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. 2019 ലെ സംസ്ഥാന ഊർജ്ജസംരക്ഷണ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എൽ.ഇ.ഡി ബൾബുകളും, എൽ.ഇ.ഡി ട്യൂബുകളും പരമാവധി ഉപയോഗിക്കണം. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനേക്കാൾ വളരെ കുറവാണ് അത്രയും തന്നെ വൈദ്യുതി ലാഭിക്കുന്നതിന് ചെലവാക്കേണ്ടി വരുന്ന തുകയെന്നും മന്ത്രി പറഞ്ഞു.
മേയർ കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
ഇ.എം.സി വൈസ് ചെയർമാൻ പ്രൊഫ. ആർ.വി.ജി മേനോൻ, മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ, ഡയറക്ടർ പി. കുമാരൻ, പ്രൊഫ. വി.കെ. ദാമോദരൻ (മുൻ ഡയറക്ടർ, ഇ.എം.സി), അനിൽ കുമാർ വി.സി, (ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ) ഇ.എം.സി ഡയറക്ടർ കെ.എം.ധരേശൻ ഉണ്ണിത്താൻ, ജോയിന്റ് ഡയറക്ടർ ഡോ. ആർ. ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അവാർഡ് ലഭിച്ചവർ
• വൻകിട ഊർജ്ജ ഉപഭോക്താക്കൾക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർഡ്: അപ്പോളോ ടയേഴ്‌സ്
• ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ: മൂന്നാർ വാഗാവുറൈ ഫാക്ടറി
• ചെറുകിട ഊർജ്ജോപഭോക്താക്കൾ: ബി.ഇ.എം.എൽ ലിമിറ്റഡ് പാലക്കാട്.
• വ്യക്തിഗത വിഭാഗം: കെ. മധു, വി ജയപ്രകാശ്
• തിരുവനന്തപുരത്തുള്ള അലയൻസ് ടെക്‌നോളജി, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവരും അവാർഡിന് അർഹരായി.
• കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്, വൈദ്യരത്‌നം പി.എസ് വാരിയർ ആയുർവേദ കോളേജ്, കോട്ടയ്ക്കൽ, സൊസൈറ്റീസ് ഓഫ് റൂറൽ സയൻസ് & ടെക്‌നോളജി എന്നിവർ പ്രശസ്തി പത്രങ്ങളും ഏറ്റുവാങ്ങി.