ആലുവ: വിഭാഗീയത രൂക്ഷമായ ബി.ജെ.പി ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി എ. സെന്തിൽകുമാറിനെ നിയമിക്കാൻ സാദ്ധ്യതയേറി. കഴിഞ്ഞദിവസം സംസ്ഥാന നേതാക്കളായ പി.കെ. കൃഷ്ണദാസിന്റെ സാന്നിദ്ധ്യത്തിൽ എറണാകുളം വൈ.എം.സി.എയിൽ മണ്ഡലത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടന്നിരുന്നു.
യോഗത്തിൽ പങ്കെടുത്ത 28 പേരിൽ 16 പേർ സെന്തിലിനെ പിന്തുണച്ചതായാണ് സൂചന. ആറുപേർ വീതം ബാബു കരിയാടിനെയും രൂപേഷ് പൊയ്യാട്ടിനെയും പിന്തുണച്ചു. സെന്തിൽകുമാർ നിലവിൽ മണ്ഡലം വൈസ് പ്രസിഡന്റും രൂപേഷ് പൊയ്യാട്ട് ജനറൽ സെക്രട്ടറിയുമാണ്. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ബാബു കരിയാട്. പുതിയ മണ്ഡലം പ്രസിഡന്റിനെ 22ന് പ്രഖ്യാപിക്കാനാണ് സാദ്ധ്യത. മറ്റ് അട്ടിമറി ഉണ്ടായില്ലെങ്കിൽ സെന്തിൽകുമാർ തന്നെ പ്രസിഡന്റാകും.
ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയുടെ നോമിനിയായിട്ടാണ് സെന്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. സംസ്ഥാന സെക്രട്ടറി എ.കെ. നസീർ പിന്തുണച്ചത് ബാബു കരിയാടിനെയാണ്. പോഷക സംഘടന ഭാരവാഹികൾ ഉൾപ്പെടെ 35 പേരെ യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും 28 പേരാണ് എത്തിയത്.