melkki
മെൽക്കി സെദേക്ക്

ആലുവ: ക്രിസ്‌മസ് സ്പെഷ്യൽ ഡ്രൈവുമായി എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 1.25 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. പാലാരിവട്ടം മൺപുരക്കൽ വീട്ടിൽ മെൽക്കി സെദേക്ക് (32) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.25 കിലോ കഞ്ചാവും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഫോർഡ് ഫിഗോ കാറും പിടിച്ചെടുത്തിട്ടുണ്ട്.

ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുവച്ച് എക്സൈസ് നടത്തിയ പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. വാടകവീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിപണനം നടത്തിയിരുന്നത്. ആവശ്യക്കാർക്ക് തന്റെ കാറിൽ എത്തിച്ചു കൊടുത്തിരുന്നത്. വേഷപ്രച്ഛന്നനായി ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് വില്പന . സി.ഡി.എം.എ വഴി പണം മുൻകൂർ കൊടുത്താൽ മാത്രമേ മയക്ക് മരുന്നുകൾ നൽകുകയുള്ളു. മരപ്പണിക്കാരനായ ഇയാൾ ആഡംബരജീവിതം നയിച്ച് പെട്ടെന്ന് പണക്കാരനാകാനാണ് മയക്കുമരുന്ന് കച്ചവടം നടത്തിയതെന്ന് എക്സൈസ് പറഞ്ഞു.

കമ്പം തേനി ഭാഗത്ത് നിന്ന് ഒരു കിലോ കഞ്ചാവ് 5000 രൂപ നിരക്കിൽ വാങ്ങി ആവശ്യക്കാർക്ക് ചെറു പൊതികളിലാക്കി 500 രൂപ നിരക്കിലാണ് വിറ്റുവന്നിരുന്നത്. ഒരു കിലോക്ക് മേൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെകർ ബി.എൽ. ഷിബു, പ്രിവന്റീവ് ഓഫിസർമാരായ ജോർജ് ജോസഫ്, സിജി പോൾ, സി.ഇ.ഒ മാരായ എം.എം. അരുൺകുമാർ, പി.എക്സ്. റൂബൻ, എൻ. സിദ്ധാർത്ഥകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.