വൈപ്പിൻ : വൈദ്യുതി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യം നേരിടുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാൻ പള്ളിപ്പുറം സഹകരണ ബാങ്ക് അംഗങ്ങൾക്ക് പലിശരഹിത വായ്പയായി സോളാറുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. അതോടൊപ്പം മുറ്റത്തെ മുല്ല പദ്ധതിക്കും തുടക്കം കുറിച്ചു. ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ കൂടിയ സമ്മേളനം ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സോളാർ വായ്പയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷിയും മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം സഹകരണ അസി. രജിസ്ട്രാർ വി.കെ. സുബിനയും നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷാ സദാശിവൻ , ബാങ്ക് ബോർഡ് മെമ്പർ പി.ബി. സജീവൻ, സെക്രട്ടറി എം.എ. ആശാദേവി എന്നിവർ സംസാരിച്ചു.