പറവൂർ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലങ്ങാട്-കരുമാല്ലൂർ മേഖല മഹല്ല് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് നാലിന് യു.സി കോളേജ് കവലയിൽ നിന്നും പ്രതിഷേധറാലി ആരംഭിച്ച് കോട്ടപ്പുറത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. സംയുക്ത മഹല്ല് കമ്മറ്റി ചെയർമാൻ വി.എ. മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിക്കും. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, വി.എസ്. രാധാകൃഷ്ണൻ, അബു ഷമ്മാസ് മൗലവി തുടങ്ങിയവർ സംസാരിക്കും. ആലങ്ങാട് - കരുമാല്ലൂർ പഞ്ചായത്തുകളിലെ പതിനഞ്ചിലധികം മഹല്ലുകളും കീഴിൽ വരുന്ന മദ്രസ-മസ്ജിദുകളെയും ഏകോപിപ്പിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.
പറവൂർ മേഖല മുസ്ലിം ജമാഅത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നാളെ (ശനി) നടക്കും. വൈകിട്ട് നാലിന് വെടിമറ കവലയിൽ നിന്നാരംഭിക്കുന്ന പ്രതിഷേധറാലി നഗരം ചുറ്റി മുനിസിപ്പൽ കവലയിൽ സമാപിക്കും. മുനിസിപ്പൽ പാർക്കിൽ ചേരുന്ന പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.എം. ഷാജഹാൻ ഹാജി അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി , എസ്. ശർമ്മ എം.എൽ.എ, അഫ്സൽ ഖാസിമി, പ്രൊഫ. സൈനുദീൻ അസ്ഹരി തുടങ്ങിയവർ സംസാരിക്കും. 55 മഹല്ലുകളിൽ നിന്നുള്ളവർ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.