കൊച്ചി: ഡി.സി.സി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് അനുകൂലമായി നിലകൊണ്ട നാല് കോൺഗ്രസ് കൗൺസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഇന്നലെ ചേർന്ന അടിയന്തര ഡി.സി.സി യോഗത്തിൽ തീരുമാനം. വോട്ട് അസാധുവാക്കിയതിലൂടെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ അവസരമൊരുക്കിയ മേയറുടെ വിശ്വസ്തൻ ഡേവിഡ് പറമ്പിത്തറയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായും ഡി.സി.സി അറിയിച്ചു.
എ ഗ്രൂപ്പുകാരും മേയർ സൗമിനി ജെയിനോട് അനുഭാവമുള്ളവരുമായ ജലജാമണി, ജോസ്‌മേരി, ഗീതാ പ്രഭാകർ എന്നിവർക്കാണു കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്. ഒപ്പം ഡേവിഡ് പറമ്പിത്തറയ്ക്കും നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. എ ഗ്രൂപ്പ് നേതാക്കളും ഇവരെ ശക്തമായി വിമർശിച്ചു.