കൊച്ചി: പാലിയേക്കര ടോൾ പ്ളാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾഇളവ് നൽകുന്നതിന് സർക്കാർ ഏർപ്പെടുത്തിയ സ്മാർട്ട്കാർഡ് പുതുക്കി നൽകുകയോ ഫാസ്ടാഗിൽ ഇളവ് അനുവദിക്കുകയോ വേണമെന്നാവശ്യപ്പെട്ട് തൃശൂർ ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, നെന്മണിക്കര സ്വദേശി സനോജ്കുമാർ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പണം നൽകാതെ ടോൾ കടന്നുപോകാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും ഇതിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാർക്ക് സർക്കാരിനെ സമീപിക്കാനാവുമെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്.
സമീപവാസികൾക്ക് ടോൾ പ്ളാസയിലൂടെ സൗജന്യമായി കടന്നുപോകാൻ നേരത്തെ സർക്കാർ സ്മാർട്ട്കാർഡ് നൽകിയിരുന്നു. ഫാസ്ടാഗ് സംവിധാനം വന്നതോടെ സ്മാർട്ട്കാർഡ് പുതുക്കി നൽകിയില്ല. ഇതു ചോദ്യം ചെയ്താണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സ്മാർട്ട്കാർഡിന് പ്രതിമാസം 150 രൂപയാണ് ടോൾ പ്ളാസയ്ക്ക് സർക്കാരിൽനിന്ന് കിട്ടേണ്ടത്. പാലിയേക്കര ടോൾ പ്ളാസയിൽ ഈ ഇനത്തിൽ 2012 സെപ്തംബർ വരെ സർക്കാർ 107.43 കോടി രൂപ നൽകാനുണ്ടെന്നും ഇതിൽ 3.53 കോടി രൂപ മാത്രമാണ് നൽകിയതെന്നും ടോൾപ്ളാസയുടെ ചുമതലയുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ അറിയിച്ചു. ബി.ഒ.ടി അടിസ്ഥാനത്തിലാണ് ദേശീയപാത വികസനം നടപ്പാക്കുന്നത്. പൊതുഖജനാവിൽ നിന്ന് ഇതിന് പണം ചെലവഴിക്കുന്നില്ല. രാഷ്ട്ര നിർമ്മാണത്തിന് പ്രതിമാസം തുച്ഛമായ തുക പോലും നൽകാനാവില്ലെന്ന ഹർജിക്കാരുടെ നിലപാട് സ്വാഗതാർഹമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.