പറവൂർ : കോളേജ് യൂണിയൻ ഉദ്ഘാടനം നടക്കുന്നതിനിടെ ബൈക്കിൽ പുറത്തുപോയ രണ്ടു വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. മാല്യങ്കര എസ്.എൻ.എം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ പള്ളിപ്പുറം കാരിയേഴത്ത് സുരേഷ് ബാബുവിന്റെ മകൻ അശ്വിൻ (20), കൊട്ടുവള്ളിക്കാട് തൈക്കൂട്ടത്തിൽ ഷാജിയുടെ മകൻ ടി.എസ്. അക്ഷയ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കോളേജിന് ഒരു കിലോമീറ്റർ അകലെ കണ്ണേങ്കാട്ട് ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. പള്ളിപ്പുറം ഭാഗത്തേയ്ക്ക് പോയി തിരിച്ച് കോളേജിലേക്ക് വരുമ്പോൾ എതിരെ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു. അശ്വിൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയും അക്ഷയ് ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. കൊടുങ്ങല്ലൂർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് വീട്ടുവളപ്പിൽ സംസ്കരിക്കും. അശ്വിന്റെ അമ്മ സീന, സഹോദരങ്ങൾ: അമ്പാടി, അമ്മു. അക്ഷയുടെ അമ്മ മല്ലിക സഹോദരങ്ങൾ: അഭിലാഷ്, അഖിലേഷ്, ഐശ്വര്യ. കോളേജിന് ഇന്ന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.സി.എം. ശ്രീജിത്ത് അറിയിച്ചു.