dileep

കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ നടൻ ദിലീപ് ഉൾപ്പെടെ ആറ് പ്രതികൾക്ക് പരിശോധിക്കാനായി ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ പ്രദർശിപ്പിച്ചു. ഒന്നാംപ്രതി പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർ രാവിലെ 11.30 ന് കോടതിയിലെത്തി ദൃശ്യങ്ങൾ പരിശോധിച്ചു. ഇവരും അഭിഭാഷകരും ഉൾപ്പെടെ 16 പേരാണ് രാവിലെ ദൃശ്യങ്ങൾ കണ്ടത്. ഉച്ചയ്ക്ക് 2.20 നാണ് നടൻ ദിലീപ് അഭിഭാഷകനും മുംബയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധനുമൊപ്പം വിചാരണക്കോടതിയായ കലൂർ സി.ബി.ഐ കോടതിയിലെത്തിയത്. വിചാരണക്കോടതി ജഡ്ജി ഹണി. എം. വർഗീസ്, കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ, സംസ്ഥാന ഫോറൻസിക് ലബോറട്ടറി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ദിലീപും അഭിഭാഷകനും സാങ്കേതിക വിദഗ്ദ്ധനും ദൃശ്യങ്ങൾ പരിശോധിച്ചത്. ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിനു നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാൽ പ്രതികളെയും അഭിഭാഷകരെയും പൊലീസിന്റെ കർശന പരിശോധനയ്ക്കു ശേഷമാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ച മുറിയിലേക്ക് കടത്തിവിട്ടത്. ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. രണ്ടു മണിക്കൂർ നീണ്ട പരിശോധനയ്ക്കു ശേഷം വൈകിട്ട് 4.20 നാണ് ദിലീപ് കോടതിയിൽ നിന്ന് മടങ്ങിയത്. ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ പ്രതികൾക്ക് കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പരിശോധനയ്ക്കായി അപേക്ഷ നൽകാം. ഇതിനായി ദിലീപ് അപേക്ഷ നൽകുന്നുണ്ടോയെന്ന് പിന്നീട് തീരുമാനിക്കും. മുംബയിൽ നിന്ന് കൊണ്ടുവന്ന സാങ്കേതിക വിദഗ്ദ്ധന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും ദിലീപ് അപേക്ഷ നൽകുക.

ദിലീപ് എത്തിയതും മടങ്ങിയതും പ്രസന്നവദനനായി

വെളുത്തഷർട്ടും കറുത്ത പാന്റ്സും ചെരുപ്പുമണിഞ്ഞ് പ്രസന്നവദനനായാണ് ദിലീപ് എത്തിയത്. ഉച്ചയ്ക്കുശേഷം വെളുത്ത ഇന്നോവ കാറിൽ അഭിഭാഷനൊപ്പം കോടതി മുറ്റത്തേക്കെത്തിയ ദിലീപിനെ ചാനൽ കാമറകൾ വളഞ്ഞെങ്കിലും ഒന്നുംമിണ്ടാതെ ചെറുചിരിയോടെ കോടതി വരാന്തയിലേക്ക് നടന്നുകയറി. കുറച്ചുനേരം അഭിഭാഷകർക്കും പൊലീസിനുമൊപ്പം ഇവിടെനിന്നു. പിന്നീട് മൂന്നാം സി.ബി.ഐ കോടതിയിലെ ബെഞ്ച് സെക്ഷന്റെ മുറിയിലേക്ക് പോയി. ഇതിനു മുമ്പുതന്നെ മുംബയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധനും എത്തിയിരുന്നു. പരിശോധനയ്ക്കുശേഷം പുറത്തേക്കുവന്ന ദിലീപ് അഭിഭാഷകനൊപ്പം തന്നെ മടങ്ങി. മാദ്ധ്യമങ്ങൾ ദിലീപിന്റെ അഭിഭാഷകന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹവും ഒന്നും പറയാതെ മടങ്ങി.

നടിയെ ആക്രമിച്ച കേസ് ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസ് വിചാരണക്കോടതി ഇന്നു പരിഗണിക്കും. വിചാരണ നടപടികളുടെ ഭാഗമായി പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടിയാണ് ഇന്ന് നടക്കുക. ഇതു പൂർത്തിയായാൽ സാക്ഷികളുടെ പട്ടിക തയ്യാറാക്കി വിസ്താരത്തിനായി സമൻസ് നൽകും. കേസിലെ ഇരയായ യുവനടിയാണ് മുഖ്യസാക്ഷി. വിചാരണ നടപടികൾക്കായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകണം. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽവന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയത്. നടൻ ദിലീപ് നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് പ്രതികൾ ദൃശ്യങ്ങൾ പകർത്തിയതെന്ന് കണ്ടെത്തിയ പൊലീസ് 2017 ജൂലായ് പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ദിലീപ് പുറത്തിറങ്ങിയത്.