കൊച്ചി: അവസരങ്ങൾ ഉപയോഗപ്പെടുത്തി മുഖ്യധാരയിലേക്ക് ട്രാൻസ്‌ജെൻഡർ സമൂഹം എത്തണമെന്ന് ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലീം പറഞ്ഞു. കേരള യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തൈക്കൂടം ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിൽ സംഘടിപ്പിച്ച ട്രാൻസ്‌ജെൻഡർ സംഗമത്തിന്റെ ചിത്രപ്രദർശനവും പ്രബന്ധാവതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രാൻസ്‌ജെൻഡർ യുവജനങ്ങൾക്കായുള്ള 'മാരിവില്ല് 19' എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 ട്രാൻസ്‌ജെൻഡറുകളുടെ ചിത്രരചനാ ക്യാമ്പിൽ വരച്ച 100 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഫ്‌സൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി.ടി, ടി.എ സത്യപാൽ, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ കെ.ടി. അഖിൽദാസ്, ചിത്രകാരന്മാരായ രഞ്ജിത്ത്ലാൽ, സിന്ധു ദിവാകരൻ, ശീതൾ ശ്യാം, തീർത്ഥ സാർവ്വിക, ജിജോ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതം പറയുന്ന 'വെള്ളയ് മൊഴി ' എന്ന നാടകം അരങ്ങേറി.