അഞ്ച് വർഷം മുമ്പു വരെ പഴങ്ങനാട് മേഖലയിലെ 90 ശതമാനം ആളുകൾക്കും താറാവ് കൃഷിയുണ്ടായിരുന്നു.

കിഴക്കമ്പലം: പഴങ്ങനാട്ടിലെ താറാവു കർഷകർപിന്തിരിയുന്നു. നെൽക്കൃഷി അന്യമായി. തോടുകളും നീർച്ചാലുകളുംഇല്ലാതായി. എന്നാൽ നെൽ കൃഷി ഘട്ടം ഘട്ടമായി നിലച്ചതോടെ താറാവു കർഷകർ വരുമാനം തേടിയുള്ള മറ്റു വഴികളിലേയ്ക്ക് തിരിഞ്ഞു. പിന്നീടുണ്ടായിരുന്ന ചുരുക്കം പേരാണ് കൃഷിയിൽ പിടിച്ചു നിന്നത്. കഴിഞ്ഞ പ്രളയം താറാവുകൾ ചത്തൊടുങ്ങുന്നതിനും കാരണമായി. ഇതോടെ വിരലിൽ എണ്ണാവുന്നവരാണ് കൃഷി തുടരുന്നത്.

പാടങ്ങളില്ല , താറാവ് അന്യമായി

പരസ്പര പൂരകങ്ങളായിരുന്നു നെൽക്കൃഷിയും താറാവു കൃഷിയും. താറാവിനെ ഇറക്കുന്ന പാടങ്ങളിൽ വിളവു ലഭിക്കുന്നതു പ്രധാന ഘടകമായിരുന്നു. വ്യാപകമായ നിലം നികത്തൽ കാരണം ജലസ്രോതസുകളുടെ കൈവഴികളും അടഞ്ഞു. തരിശുനിലങ്ങൾ കാടു കയറിയതോടെ താറാവിനെ തീ​റ്റാൻ പ​റ്റാത്ത അവസ്ഥനെൽപ്പാടങ്ങൾ ഇല്ലാതെ താറാവിനെ തീറ്റിപോറ്റാൻ ഭാരിച്ച ചെലവു വരും. പാടങ്ങൾ ഇല്ലാതെ വന്നാൽ അരിയോ ഗോതമ്പോ കൊടുത്താണ് വളർത്തേണ്ടത്. അരിയ്ക്കുണ്ടായ ഭീമമായ വിലക്കയറ്റം കർഷകർക്ക് തിരിച്ചടിയായി.

മുട്ടയാണ് കർഷകരുടെ പ്രധാന വരുമാനം. നേരിട്ട് വിൽക്കുമ്പോൾ ഒരു മുട്ടയ്ക്ക് 12 രൂപ വരെ കർഷകർക്ക് ലഭിക്കാറുണ്ട്. പൊതു വിപണികളിലേതിനേക്കാൾ ഒരൂ രൂപ കൂടിയാലും നാടൻ മുട്ടയ്ക്ക് എന്നും പ്രിയമാണ്. ഇറച്ചിത്താറാവിന് ഇപ്പോൾ 350 രൂപയ്ക്കു മുകളിലാണ് വില. എന്നാൽ ആവശ്യക്കാർക്ക് നൽകാൻ മുട്ടയും താറാവുമില്ലാത്ത അവസ്ഥയിലാണ് കർഷകർ.നാട്ടിൽ താറാവില്ലാതായതോടെ പുറമെ നിന്നും എത്തിച്ചാണ് ഇറച്ചിയ്ക്കായി തയ്യാറാക്കുന്നത്. താറാവുകളിൽ നിന്ന് 3 വർഷം വരെ മുട്ട ലഭിക്കും. ജല ലഭ്യതയുണ്ടെങ്കിൽ ലാഭകരമായി വളർത്താവുന്ന കൃഷിയുമാണിത് . നല്ല മേൽത്തരം ഇനത്തിൽപ്പെട്ട താറാവുകളിൽ നിന്നും വർഷത്തിൽ ഏകദേശം 300 ൽ കൂടുതൽ മുട്ടകൾ കിട്ടും

ഒരു വർഷംലഭിക്കുന്നത് 300 മുട്ടകൾ

താറാവുകളുടെ വളർച്ച താരതമ്യേന ദ്റുതഗതിയിലാണ്. അതോടൊപ്പം അവയ്ക്ക് പ്രതിരോധ ശക്തിയും കൂടുതലായതിനാൽ സാധാരണ കോഴികളിൽ കണ്ടുവരുന്ന രോഗങ്ങൾ താറാവുകളെ ബാധിക്കാറില്ല, കൂടാതെ കോഴി വളർത്തലിനു വേണ്ട ആധുനിക രീതിയിലുള്ള ഷെഡുകളോ അനുബന്ധ സൗകര്യങ്ങളോ താറാവുകൾക്ക് ആവശ്യമില്ല. അതായിരുന്നു താറാവു കൃഷിയിലേയ്ക്ക് ഇറങ്ങാനിടയായത്. എന്നാൽ പാടങ്ങൾ നശിച്ചതോടെ താറാവു കൃഷി ഉപേക്ഷിക്കേണ്ടി വരുന്നു.

ജോസ് ആന്റണി, താറാവു കർഷകൻ പഴങ്ങനാട്