കൊച്ചി: ജനറൽ ടിക്കറ്റുമായി ജനശതാബ്ദിയിൽ യാത്ര ചെയ്‌തത് ചോദ്യം ചെയ്തതിന് ടി.ടി.ഇയെ പൊലീസുകാർ ചേർന്നു മർദിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ നിജാൻ, റിന്റോ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ക്രിമിനൽകേസ് പ്രതികളായ സുധീർ, അനിൽകുമാർ എന്നിവരും കേസിൽ പ്രതികളാകും.

കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിലാണ് സംഭവം. തൃശൂരിൽ നിന്നു പ്രതികളുമായി കയറിയ പൊലീസുകാരുടെ പക്കൽ റിസർവേഷൻ ടിക്കറ്റുണ്ടായിരുന്നില്ല. രണ്ടു ജനറൽ ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. ജനറൽ ടിക്കറ്റുമായി ജനശതാബ്ദിയിൽ യാത്രചെയ്യാൻ കഴിയില്ലെന്നും പിഴയീടാക്കുമെന്നും ടി.ടി.ഇ അറിയിച്ചതോടെ പൊലീസുകാർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. മർദനമേറ്റ ടി.ടി.ഇ സത്യേന്ദ്രകുമാർ മീന ബോധരഹിതനായി. മറ്റു യാത്രക്കാർ ചേർന്നു പൊലീസുകാരെ തടഞ്ഞുവച്ച് ട്രെയിൻ എറണാകുളം നോർത്തിൽ എത്തിയപ്പോൾ ആർ.പി.എഫിനു കൈമാറി. സത്യേന്ദ്രകുമാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.