ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ അനുമതി ലഭിച്ച വിവിധ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അൻവർസാദത്ത് എം.എൽ.എ.യുടെ രൂക്ഷ വിമർശനം.
റോഡുകളിലെ കുഴികൾ അടക്കാത്തതിനെതിരെയാണ് വിമർശനം. നിയോജക മണ്ഡലത്തിലെ കുഴികളിൽ വീണ് ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നും അവർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും എം.എൽ.എ ഓർമ്മപ്പെടുത്തി. പല തവണ ആവശ്യപ്പെട്ടിട്ടും നടപടികൾ ഉണ്ടാകാത്തതു കൊണ്ടാണ് എം.എൽ.എ അവലോകന യോഗം വിളിച്ചുചേർത്തത്.
22.6 കോടി
റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്കായി മൊത്തം 22 കോടി അറുപതുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 11.25 കോടിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് കോടിയുടെ ടെണ്ടർ നടപടികൾ ആയിക്കഴിഞ്ഞു. 2.5 കോടിയുടെ പ്രവൃത്തികൾ അതിർത്തിത്തർക്കം മൂലം തടസപ്പെട്ടിരിക്കുകയാണ്. 1.9 കോടിയുടെ പദ്ധതിക്ക് ടെണ്ടർ നടപടികൾ തുടങ്ങുവാനുണ്ട്. എന്നാൽ 1.75 കോടിയുടെ പ്രവൃത്തിക്ക് ടെണ്ടർ നടപടി ആയിട്ടും ജോലി ഏറ്റെടുത്തു നടത്തുവാൻ ആരും മുന്നോട്ടുവന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാൽ ബാക്കിയുള്ള റോഡുകളുടെ ജോലികൾ തുടങ്ങുമെന്നും അൻവർ സാദത്ത് എം.എൽ.എ. അറിയിച്ചു. യോഗത്തിൽ സൂപ്രണ്ടിംഗ് എൻജിനിയർ കെ.ടി. ബിന്ദു, അസി.എക്‌സി.എൻജിനിയർ മുഹമ്മദ് ബഷീർ, സജയഘോഷ് എന്നിവർ പങ്കെടുത്തു.
റോഡുകളുടെ പ്രവർത്തന പുരോഗതി
* തോട്ടുമുഖം തടിയിട്ടപറമ്പ് ബി.എം.ബി.സി.യിൽ 95 ലക്ഷം രൂപ മുടക്കി രണ്ട് കിലോമീറ്റർ. ഇതിൽ 1.2 കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയായി.
* അങ്കമാലി പറവൂർ റോഡിന്റെ കാരക്കാട്ടുകുന്ന് പൊയ്ക്കാട്ടുശേരി ഭാഗത്തെ 1.9 കിലോമീറ്റർ 2.5 കോടി രൂപ അനുവദിച്ചു. റോഡിന്റെ അതിർത്തി നിർണ്ണയത്തർക്കം മൂലം പണി ആരംഭിക്കാനായിട്ടില്ല.
* കുട്ടമശേരി ചുണങ്ങംവേലി റോഡ് ബി.എം.ബി.സി ടാറിംഗും ബോക്‌സ് കൾവർട്ടും നിർമ്മിക്കുന്നത് ഉൾപ്പടെ 1.9 കോടി രൂപ മുടക്കി നാല് കിലോമീറ്റർ നിർമ്മാണം. ഇതിൽ 2.1 കിലോമീറ്റർ ജോലി പൂർത്തിയായി. അയ്യൻകുഴി അമ്പലം മുതൽ കീഴ്മാട് എം.ആർ.എസ്. ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ ജോലികൾ പൂർത്തീകരിച്ച് ബാക്കി ജോലി തീർക്കും.
* അങ്കമാലി പറവൂർ റോഡ് 2.6 കോടി മുടക്കി 1.9 കിലോമീറ്റർ റോഡ് ബി.എം.ബി.സി ടാറിംഗ് ജനുവരി അവസാനത്തോടെ പണി പൂർത്തിയാക്കും
* പറമ്പയം ആവണംകോട് റോഡ് 1.3 കീലോമീറ്റർ നെടുവന്നൂർ നിന്ന് സിയാൽ ഗേറ്റ് വരെ ബി.എം.ബി.സി. ടാറിംഗിന് 1.75 കോടി. പണി പുരോഗമിക്കുന്നു. പറമ്പയം ആവണംകോട് റോഡ് പറമ്പയം മുതൽ 3.5 കി.മീ 2.5 കോടിയുടെ ജോലികൾ പുരോഗമിക്കുന്നു.
* ആലുവ ഗ്രാൻഡ് ഹോട്ടൽ ജംഗ്ഷൻ മുതൽ പുളിഞ്ചോടു വരെ ഓൾഡ് എൻ.എച്ച്. റോഡിന്റെ പുനരുദ്ധാരണത്തിന് 1.5 കിലോമീറ്റർ രണ്ട് കോടി ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു.
* ചെങ്ങൽ ചൊവ്വര റോഡിന് കാനകൾ നിർമ്മിച്ച് കവർ സ്ലാബ് ഇടുന്നതിന് ആറ് കീലോമീറ്റർ ഒരു കോടി ടെൻഡർ നടപടികൾ ആരംഭിച്ചു.
* അങ്കമാലി പറവൂർ റോഡ് ടെൽക് ജംഗ്ഷൻ മുതൽ ചമ്പന്നൂർ വരെ ബി.എം.ബി.സി. ടാറിംഗിന് 1.9 കോടി രൂപ മുടക്കി 1.8 കിലോമീറ്റർ നിർമ്മാണം, ടെൻഡർ നടപടികൾ ആരംഭിക്കണം.
* എടത്തല തായിക്കാട്ടുകര റോഡ്, കുന്നത്തേരി മുതൽ പോട്ടച്ചിറ അമ്പലം വരെ 2.3 കിലോമീറ്റർ ബി.എം.ബി.സി. ടാറിംഗ്. മൂന്നു പ്രാവശ്യം ടെൻഡർ വിളിച്ചിട്ടും ജോലി ഏറ്റെടുക്കാൻ ആരും തയ്യാറല്ല
* ആലുവ ടൗണിലെ കാനകൾ നന്നാക്കുന്നതിനും രണ്ടാം മൈൽ കിഴക്കമ്പലം റോഡ് ടൈൽ വിരിക്കുന്നതിനും 75 ലക്ഷം രൂപ ടൈൽ വിരിച്ച് കഴിഞ്ഞു. ബാക്കി കാനകളുടെ ജോലി പുരോഗമിക്കുന്നു.
* മംഗലപ്പുഴ പാനായിത്തോട് റോഡിന്റെ പുനരുദ്ധാരണം 2.83 കിലോമീറ്റർ 75 ലക്ഷം രൂപ. പണികൾ പുരോഗമിക്കുന്നു. ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും.
* ചാലക്കൽ തടിയിട്ടപറമ്പ് റോഡ് ബി.എം.ബി.സി. ടാറിംഗ് രണ്ട് കോടി രൂപ മുടക്കി രണ്ട് കീലോമീറ്റർ. ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
* കുട്ടമശേരി ചാലക്കൽ തടിയിട്ടപറമ്പ് റോഡ് കാനകൾ ഉൾപ്പെടെ 2.25 കോടി മുടക്കി 2.35 കിലോമീറ്റർ പണികൾ പുരോഗമിക്കുന്നു. ഫെബ്രുവരിയിൽ പണി പൂർത്തിയാകും.
* ചെങ്ങമനാട് കപ്രശേരി ചെറുകണ്ടകാവ് എസ്.സി. കോളനി റോഡിന്റെ 20 ലക്ഷം മുടക്കി നിർമ്മാണം പണികൾ പുരോഗമിക്കുന്നു.