കൊച്ചി: പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കേരളത്തിലും നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രം നടപ്പിലാക്കിയ നിയമത്തെക്കുറിച്ച് ജനങ്ങളുമായി സംവദിച്ച് സംശയങ്ങൾ ദൂരീകരിക്കണം. ഇതിനായി പ്രചാരണം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് എറണാകുളം ബി.ടി.എച്ചിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമത്തെ പിന്തുണച്ച് തെരുവിലിറങ്ങേണ്ടിവരുമെങ്കിൽ അതിനും മടിക്കില്ല. തെറ്റിദ്ധാരണ പരത്താൻ ബീഫ് വിഷയത്തിലും ആൾക്കൂട്ട കൊലപാതകത്തിലും നടത്തിയതിനെക്കാൾ വലിയ രീതിയിലുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിഷലിപ്തമായ ഈ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രം കേരളമാണ്. കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് കൃത്യമായി രൂപകല്പന ചെയ്തതാണ് ഈ പ്രചാരണം.
ഏത് ഇന്ത്യൻ മുസ്ളിമിനെയാണ് ഈ നിയമം ബാധിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ പാർലമെന്റിന് അകത്തോ പുറത്തോ ആരും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ പ്രതികരിച്ച് നിരവധി സെലിബ്രിറ്റികൾ മുന്നോട്ട് വന്നിട്ടുണ്ട്. സിനിമയിൽ മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ച് ഡയലോഗ് പറയുന്നത് അവരുടെ ജോലിയാണ്. ജീവിതത്തിലും അങ്ങനെ ചെയ്യുമെന്ന് വാശി പിടിക്കരുതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും പങ്കെടുത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ സ്വാഗതം പറഞ്ഞു.