കൊച്ചി : ഉൗരാളുങ്കൽ ലേബർ കരാർ സൊസൈറ്റിക്ക് പൊലീസിന്റെ കൈവശമുള്ള ക്രൈം ഡാറ്റയും വ്യക്തിഗത വിവരങ്ങളും കൈമാറുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പാസ്പോർട്ട് വെരിഫിക്കേഷനുള്ള ആപ്ളിക്കേഷൻ തയ്യാറാക്കാൻ സൊസൈറ്റിക്ക് സർക്കാർ 20 ലക്ഷം രൂപ നൽകുന്നതും സ്റ്റേ ചെയ്തിട്ടുണ്ട്.

പൊലീസിന്റെ കൈവശമുള്ള വിവരങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഉൗരാളുങ്കലിന് കൈമാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് കോൺഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊലീസിന്റെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റത്തിലെ വിവരങ്ങൾ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടു പോലും നൽകാനാവില്ലെന്ന് പറയുന്ന സർക്കാർ ഇതെങ്ങനെയാണ് സ്വകാര്യ സ്ഥാപനത്തിന് നൽകുന്നതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. തുടർന്നാണ് സർക്കാർ ഉത്തരവുകൾ സ്റ്റേ ചെയ്തത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച് , ഹർജി ജനുവരി ആറിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ഉൗരാളുങ്കൽ സൊസൈറ്റിക്ക് ക്രൈം ഡാറ്റ ഉൾപ്പെടെ കൈമാറുന്നത് സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസുകളുണ്ടെന്നും ഇതിന്റെ വിവരങ്ങളും പൊലീസ് ഉൗരാളുങ്കലിന് കൈമാറുമെന്നതിനാൽ തന്നെയും ഇതു ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. വിഷയം പൊതുതാത്പര്യ ഹർജിയുടെ ഗണത്തിൽ വരുമോയെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.