കൊച്ചി: മെ‌ട്രോ വന്നിട്ടും ഫലമില്ല, അനധികൃത പാർക്കിംഗിനും ഗതാഗതകുരുക്കിനും അല്പം പോലും കുറവില്ല. രാവിലെ 11 മണി കഴിഞ്ഞാൽ മെയിൻ റോഡുകളുടെയും ഇടറോഡുകളുടെയും ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. ക്രിസ്മസ് ഷോപ്പിംഗിന്റെ തിരക്ക് കൂടിയായതോടെ നഗരം വാഹനങ്ങളെക്കൊണ്ടു നിറഞ്ഞു. കാൽനട യാത്രക്കാർക്ക് നിന്ന് തിരിയാൻ ഇടമില്ലാതായി.

കുരുങ്ങി എം.ജി.റോഡ്

നഗരത്തിലെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും മതിയായ പാർക്കിംഗ് സൗകര്യമില്ല. എം.ജി റോഡിലാണ് പ്രശ്നം ഏറ്റവും രൂക്ഷം.ഷോപ്പിംഗിന് എത്തുന്നവരിൽ പലരും കാറുകളും ഇരുചക്രവാഹനങ്ങളും റോഡിലാണ് പാർക്ക് ചെയ്യുന്നത്.

മാറ്റമില്ലാതെ ബ്രോഡ്‌വേ

ഗതാഗത പ്രശ്‌നങ്ങൾ മൂലം ബ്രോഡ്‌വേയിലെ കച്ചവടക്കാരും വഴിയാത്രക്കാരും വലയുകയാണ്. ഒരേ സമയം ഒന്നിലധികം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത പാതയിലാണ് രണ്ടും മൂന്നും വരികളിലായി ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ്. ഇതോടൊപ്പം വലിയ വാഹനങ്ങളും എത്തുന്നതോടെ കാൽനടയാത്രപോലും ദുസഹമാകുന്നു. ക്ലോത്ത് ബസാറിലെ വ്യാപാര സ്ഥാപനങ്ങളിലെ അഗ്നിബാധയെ തുടർന്ന് അനധികൃത വാഹനപാർക്കിംഗിനെതിരെ നഗരസഭ നടപടികൾ കർശനമാക്കിയെങ്കിലും കാര്യങ്ങൾ വീണ്ടും പഴയപടിയായി.

# ഫൈനിൽ കുലുങ്ങാതെ

എറണാകുളം ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള റോഡ് ബൈക്ക് പാർക്കിംഗ് കേന്ദ്രമായി മാറിയിട്ട് കാലങ്ങളായി. ആശുപത്രിയ്ക്കുള്ളിൽ പാർക്ക് ചെയ്യാൻ മതിയായ സംവിധാനമില്ലാത്തതാണ് പ്രശ്നം. പലരും സമീപത്തുള്ള പ്രദേശങ്ങളിലും വാക്ക് വേയിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

മൾട്ടി ലെവൽ: വെറും വാചകമടി

കച്ചേരിപ്പടിയിൽ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്കരിക്കുമെന്ന് എല്ലാ ബഡ്‌ജറ്റിലും പ്രഖ്യാപിക്കുന്നതല്ലാതെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ കോർപ്പറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. മറൈൻഡ്രൈവിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് ജി.സി.ഡി.എയുടെ വാഗ്‌ദാനം.കേന്ദ്ര സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിലും പാർക്കിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി അടുത്ത മാർച്ചിൽ അവസാനിക്കുന്നതിനാൽ ഇത്തവണയെങ്കിലും എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ

# സർക്കാർ ഇടപെടണം

വാഹനങ്ങൾ പെരുകുന്നു. അതിനനുസരിച്ച് പാർക്കിംഗ് സൗകര്യങ്ങൾ കൂടുന്നില്ല, ജോലിഭാരം കൊണ്ട് വലയുന്ന പൊലീസിന് പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണം

ആർ.രംഗദാസപ്രഭു

റസിഡന്റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ്