bijumon-

കൊച്ചി: കഞ്ചാവ് വാങ്ങാൻ ആന്ധ്രയിൽ ആര് വന്നാലും സേട്ട് അറിയും. അറിയുക മാത്രമല്ല, ആവശ്യപ്പെടുന്നത് എത്രയോ അത്രയും കഞ്ചാവ് ചുളുവിലയ്ക്ക് തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യും! പക്ഷേ, 10 ശതമാനം കമ്മിഷൻ നൽകണം. അല്ലെങ്കിൽ കഞ്ചാവുമായി ആന്ധ്ര കടക്കില്ല. ആന്ധ്രയിലെ കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുള്ള മലയാളി ഇടനിലക്കാരനാണ് സേട്ട്. കഞ്ചാവ് വിറ്റും ഇടനിലനിന്നും കഞ്ചാവ് കച്ചവടക്കാർക്കിടയിൽ സ്വയം കിംഗായി അവരോധിച്ച സേട്ടിന് കഴിഞ്ഞ ദിവസം കണക്ക് കൂട്ടലുകളെല്ലാം തെറ്റി. സ്വന്തം നാട്ടിലേക്ക് വരും വഴി അടുപ്പക്കാർക്ക് നൽകാനായി കരുതിയ 2 കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്സൈസ് തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു. സേട്ടിന്റെ വിശ്വസ്തനെ കുടുക്കിയാണ് കഞ്ചാവ് വീരനെ എക്സൈസ് പൊക്കിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, എക്‌സൈസ് ഇന്റലിജന്റ് ബ്യൂറോ പ്രിവന്റീവ് ഓഫിസർ ഡെനി റാഫേൽ, പ്രിവന്റീവ് ഓഫിസർമാരായ ഇ.എൻ. സതീശൻ, ടി.കെ. രതീഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ബിജോ പി. ജോർജ്, വി.ബി. റസീന, ശ്യാം കുമാർ, ജോമോൻ, ധനേഷ്, എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

മലയാളി പയ്യൻ സേട്ടായ കഥ !

നെയ്യാറ്റിൻകര സ്വദേശി ബിജുമോൻ സേട്ടായി മാറിയത് സിനിമാകഥ പോലെയാണ്. നിർദ്ധന കുടംബത്തിലായിരുന്നു ജനനം. പട്ടിണി നിറഞ്ഞ ബാല്യം. എല്ലാവരെയും പോലെ മികച്ച ജീവിതം സ്വപ്നം കണ്ട ബിജു പെട്ടന്ന് പണം കണ്ടെത്താൻ ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. നാട്ടിൽ പൊതിക്കച്ചവടത്തിലായിരുന്നു തുടക്കം. ആവശ്യക്കാർക്ക് എവിടെയും ചെറു പൊതികളിൽ കഞ്ചാവ് എത്തിച്ച് നൽകും. ഇടപാട് ഇരട്ടിയായതോടെ ബിജുവിന്റെ വളർച്ചയും പെട്ടെന്നായിരുന്നു. എന്നാൽ,​ പൊതിക്കച്ചവടത്തിൽ നിന്നും കിട്ടുന്ന ലാഭം കുറവെന്ന് തോന്നിയതോടെ ബിജു കഞ്ചാവ് കടത്തിലേക്ക് ചുവട് മാറ്റി. ആന്ധ്രയിൽ നിന്നും കേരളത്തിൽ കിലോക്കണക്കിന് കഞ്ചാവ് എത്തിച്ചായിരുന്നു വില്പന. സംസ്ഥാനത്തെ മുക്കിലും മൂലയിലും കഞ്ചാവ് എത്തിച്ച് നൽകിയതോടെ ഇടനിലക്കാർക്കും പ്രിയമായി. എന്നാൽ, മൂന്ന് വർഷം മുമ്പ്​ 25 കിലോ കഞ്ചാവ് കടത്തുന്നതിനിടെ ആന്ധ്ര പൊലീസിന്റെ പിടിവീണ് ബിജു അകത്തായതോടെയാണ് സേട്ടിലേക്കുള്ള ട്വിസ്റ്റ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും കഞ്ചാവ് വില്പന പാടെ ഉപേക്ഷിച്ചു. പകരം ഇടനിലക്കാർക്ക് ആവശ്യമുള്ള കഞ്ചാവ് കമ്മിഷൻ അടിസ്ഥാനത്തിൽ എത്തിച്ച് നൽകാൻ തുടങ്ങി. കഞ്ചാവ് കടത്ത് മൊത്തക്കച്ചവടക്കാരുമായി നല്ല ബന്ധം വളർത്തിക്കൊണ്ടുവരാൻ ബിജുവിന് കഴിഞ്ഞു. ഇതോടെ ആന്ധ്രയിൽ കഞ്ചാവ് വാങ്ങാൻ ആര് എത്തിയാലും ബിജു അറിയുമെന്ന അവസ്ഥയായി. സേട്ട് എന്ന വിളിപ്പേര് കൂടി കിട്ടിയതോടെ ബിജു ആന്ധ്രയിലെ പ്രധാന കഞ്ചാവ് മാഫിയയായി വേരുറപ്പിക്കുകയായിരുന്നു.

സേട്ട് വളർന്നു, ഒപ്പം സംഘവും

ആന്ധ്രയിൽ പ്രധാന കഞ്ചാവ് ഇടപാടുകാരനായതോടെ സേട്ടിനൊപ്പം ആളുകളും ചേർന്നു. കേരളത്തിൽ നിന്നും കഞ്ചാവ് വാങ്ങാൻ എത്തുന്നവരെ സേട്ടിന് മുന്നിൽ എത്തിക്കുന്നത് ഇവരാണ്. പത്ത് ശതമാനം കമ്മിഷൻ നൽകിയില്ലെങ്കിൽ പൊലീസിന് വിവരം ഒറ്റു കൊടുക്കൽ,​ പണം വാങ്ങി കഞ്ചാവ് നൽകാതെ ഭീഷണിപ്പെടുത്തുന്നതെല്ലാം സേട്ട് നേരിട്ടാണ് ചെയ്യുന്നത്. പണം വാങ്ങുന്ന കാര്യങ്ങളിൽ ഇവരെ ആരെയും സേട്ട് അടുപ്പിക്കില്ല. കേരളത്തിലെ പ്രധാന ഇടനിലക്കാർക്ക് സേട്ടുമായി നേരിട്ട് ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് പലരും ചുളുവിലയ്ക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നത്. അതേസമയം,​ ആന്ധ്രയെ കൂടാതെ ഒറീസ,​പശ്ചിമബംഗാൾ,​ അസം സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിലും സേട്ടാണെന്നാണ് എക്സൈസ് പറയുന്നത്. രാജ്യവ്യാപകമായ ലഹരി മാഫിയകളുമായി അടുത്ത ബന്ധമുള്ള ആളാണ് സേട്ടെന്നാണ് എക്സൈസ് കണ്ടെത്തൽ.

കഞ്ചാവും വച്ച്കെട്ടി, സേട്ടിന്റെ യാത്ര
അറസ്റ്റിനുശേഷം സേട്ട് നാട്ടിൽ എത്താതെയായി. വല്ലപ്പോഴും വന്നാൽ വന്നു എന്ന അവസ്ഥ. വീട്ടുകാരുമായി പാടെ അകന്നു. കേരളത്തിൽ ആകെ ബന്ധമുള്ളത് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ മാത്രമായിരുന്നു. കഴിഞ്ഞ ദിവസം ഇവർക്കായി 10 കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കട്ടി കൂടിയ പ്ലാസ്റ്റിക്ക് കവറിൽ കഞ്ചാവ് നിരത്തി, ഇത് പരത്തിയശേഷം കൈയിലും കാലിലും കെട്ടിവച്ച് കടത്തുന്നതാണ് ഇയാളുടെ രീതി. ഉദയംപേരൂർ നടക്കാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്തു നിന്ന് പിടികൂടുമ്പോഴും ഇയാളുടെ ദേഹത്ത് സമാനരീതിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആന്ധ്രയിൽ നിന്നും 10 കിലോ കഞ്ചാവ് കൊണ്ടുവന്നെന്നാണ് ഇയാൾ എക്സൈസിന് മൊഴി നൽകിയത്. ശേഷിച്ച 2 കിലോ സുഹൃത്തിന് നൽകി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് എക്സൈസിന്റെ പിടി വീണത്.

''ബിജുവിന്റെ അറസ്റ്റോടെ കേരളത്തിലേക്കുള്ള കഞ്ചാവ് ഒഴുക്ക് ഒരു പരിധിവരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല,​ ഇയാളിൽ നിന്നും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിച്ച് വരികയാണ്."-

ബിജു വർഗീസ്

എക്‌സൈസ് ഇൻസ്‌പെക്ടർ

തൃപ്പൂണിത്തുറ