നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ നാലാം ദിവസവും അനധികൃത സ്വർണവേട്ട. 30 ലക്ഷം രൂപയുടെ സ്വർണവുമായി വീണ്ടും മലപ്പുറം സ്വദേശി പിടിയിലായി.
പൊൻമുണ്ടം അതരശേരി കാവപ്പാറ വാരിക്കോട്ടിൽ നൗഫലാണ് കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പിടിയിലായത്. ജിദ്ദയിൽ നിന്നും വ്യാഴാഴ്ച്ച രാത്രി 11.30ന് നെടുമ്പാശേരിയിലെത്തിയ 6 ഇ 1843 വിമാനത്തിലെ യാത്രക്കാരനായിരുന്നു. ബാറ്ററി രൂപത്തിലാക്കു സ്വർണം ടോർച്ചിനകത്താണ് ഒളിപ്പിച്ചിരുന്നത്. ലഗേജ് പരിശോധനയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
ഇലക്ട്രോണിക് സാധനങ്ങൾക്കുള്ളിൽ വച്ച് സ്വർണം കടത്തുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച്ച രാത്രി സൗദിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി കൊണ്ടുവന്ന ഫാനിനകത്ത് നിന്നും ഒന്നര കിലോ സ്വർണം കണ്ടെത്തിയിരുന്നു. ഇതേമാർഗത്തിൽ തന്നെയാണ് ഇന്നലത്തെയും കേസ്. ഒരേ സ്ഥലത്ത് നിന്നുവരുന്ന മലയാളികളെന്ന നിലയിൽ ഇവർ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാകാനാണ് സാദ്ധ്യതയെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പത്ത് കോടിയോളം രൂപയുടെ സ്വർണവും വിദേശ കറൻസികളും പിടികൂടിയിട്ടുണ്ട്.